നവീകരണമില്ലാതെ കുളങ്ങള്‍ നശിക്കുന്നു

പാറശ്ശാല: ഈ വേനല്‍കാലത്തും പാറശ്ശാല ഗ്രാമപഞ്ചായത്ത്പ്രദേശത്ത് 70ലധികം കുളങ്ങളുണ്ട്. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടവ. എന്നാല്‍, അവസ്ഥ മറിച്ചാണ്. ഇവയില്‍ ഭൂരിഭാഗവും നവീകരണമില്ലാതെ നാശത്തിന്‍െറ വക്കിലത്തെിയിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് കുലുക്കമില്ല. കുളങ്ങള്‍ നവീകരിക്കണമെന്ന നിവേദനങ്ങള്‍ കുന്നുകൂടിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. പരാതിയുമായി എത്തുന്നവരോട് ഫണ്ടില്ളെന്ന മറുപടിയാണ് പറയുന്നത്. എന്നാല്‍, ഫണ്ടില്ലാത്ത പഞ്ചായത്തില്‍ പ്രസിഡന്‍റിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാന്‍ 12 ലക്ഷം രൂപ മുടക്കി ആഡംബരകാര്‍ വാങ്ങിയിട്ടുണ്ട്. പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുളങ്ങള്‍ ശുചീകരിക്കുന്നത് പ്രദേശവാസികള്‍ക്ക് ഗുണകരമാകുമെങ്കിലും അധികൃതര്‍ ഇതൊന്നും കണ്ട മട്ടില്ല. മഴക്കാലത്ത് മാത്രം ജലം നിറയുകയും മഴക്കാലം അവസാനിച്ചാല്‍ കുളങ്ങള്‍ വറ്റുകയുമാണ് പതിവ്. വേനല്‍ കടുത്ത് കുളങ്ങള്‍ വറ്റിയതോടെ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് കര്‍ഷകരാണ്. പലരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. കുളങ്ങളുടെ ചുറ്റുമതിലുകള്‍ നശിച്ച് ജലം ചോര്‍ന്ന് പോകുകയാണ്. മുന്‍ കാലങ്ങളില്‍ നെയ്യാര്‍ ഇടതുകനാല്‍ വഴി ജലം കനാലുകളിലൂടെ എത്തിച്ച് കുളങ്ങള്‍ നിറച്ച് വേനല്‍ക്കാലത്ത് കൃഷിക്കായി ജലം നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ കുളങ്ങളുടെ അവസ്ഥയില്‍ വെള്ളമത്തെിച്ച് രണ്ട് ദിവസം കഴിയുമ്പോള്‍ മിക്കവയും ചോര്‍ന്നുപോകും. കുളങ്ങള്‍ നവീകരിക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ചളിവാരി തുടങ്ങുമ്പോഴേക്കും അവര്‍ക്ക് അനുവദിച്ച തുക തികയാതെ വരും. പണി പാതിവഴിയില്‍ നിര്‍ത്തും. വീണ്ടും ഫണ്ട് ലഭിക്കുന്നതിന് മാസങ്ങള്‍ കഴിയുമ്പോള്‍ കുളം വീണ്ടും കാടും പായലും കൊണ്ട് വീണ്ടും നിറയും. ഇത്തരത്തില്‍ പണിതീരാതെ കിടക്കുന്ന 30 കുളങ്ങളുണ്ട് പഞ്ചായത്തില്‍. കുളങ്ങള്‍ നവീകരിക്കാന്‍ മുന്‍കാലങ്ങളില്‍ കുളം ഒന്നിന് 5000 രൂപ അനുവദിച്ചിരുന്നു. തുക പ്രദേശത്തെ ചെറുപ്പക്കാര്‍ക്ക് നല്‍കി കുളത്തില്‍ നിന്ന് പായലും മറ്റും വാരി ശുചീകരിച്ചിരുന്നു. ഇപ്പോള്‍ ഈ പദ്ധതി ഇല്ളെന്നാണ് അധികൃതരുടെ വാദം. മുന്‍ഭരണസമിതിയുടെ കാലത്ത് വളര്‍ത്തുമീന്‍ പഞ്ചായത്തുകളില്‍ നിന്ന് സൗജന്യമായി വിതരണം ചെയ്ത് കുളങ്ങളില്‍ നിക്ഷേപിച്ച് മീന്‍ വളര്‍ത്തിയിരുന്നു. മീന്‍വളര്‍ത്തലിലൂടെ മിക്ക കുളങ്ങളും നവീകരിക്കപ്പെട്ട് നശിക്കാതെയും നിലനിന്നിരുന്നു. മീന്‍ വളര്‍ത്തല്‍ നിര്‍ത്തിയതോടെ വീണ്ടും നാശത്തിലേക്ക് എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.