പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം

പാറശ്ശാല: ബ്ളോക്ക് പഞ്ചായത്തില്‍ പ്രസിഡന്‍റിനെതിരെ സി.പി.ഐയുടെ പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നിലവില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന ബ്ളോക്കില്‍ 14 അംഗങ്ങളാണുള്ളത്. സി.പി.എം -അഞ്ച്, സി.പി.ഐ -രണ്ട്, കോണ്‍ഗ്രസ് -ആറ്, സ്വതന്ത്രന്‍ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് വിമതനായി വിജയിച്ച ആര്യദേവന്‍െറ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണസമിതി രൂപവത്കരിച്ചിരുന്നത്. ഇപ്പോഴത്തെ പ്രസിഡന്‍റ് വി.ആര്‍. സലൂജയെ മാറ്റണമെന്നാവശ്യപ്പെട്ട് മാസങ്ങളായി മുന്നണിക്കുള്ളില്‍ പോര് മുറുകിയിരുന്നു. സി.പി.ഐ അംഗങ്ങളായ പി.പി. ഷിജു, മോഹന്‍ദാസ്, സ്വതന്ത്ര അംഗം ആര്യദേവന്‍ ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളാണ് വ്യാഴാഴ്ച ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ അവിശ്വാസ നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ചര്‍ച്ചക്ക് വിളിച്ച് അവിശ്വാസ പ്രമേയത്തിനുമേല്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. സ്വതന്ത്ര അംഗം കൂടി കോണ്‍ഗ്രസില്‍ എത്തിയതോടെ സി.പി.ഐ പിന്തുണയില്ളെങ്കിലും തുല്യ വോട്ടുകള്‍ ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് സി.പി.ഐയിലെ വാര്‍ഡംഗമായിരുന്ന വി.ആര്‍. സലൂജ സി.പി.എമ്മിലേക്ക് മാറിയത്. ദിവസങ്ങള്‍ക്കുമുമ്പ് കാരോട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സി.പി.ഐ അംഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.