മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യമൊരുക്കും –മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറവുകള്‍ നികത്തി അത്തരം സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജിന്‍െറ 65ാം വാര്‍ഷികാഘോഷവും അലുമ്നി അസോസിയേഷന്‍െറ വാര്‍ഷികസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കല്‍കോളജ്, ആര്‍.സി.സി, ശ്രീചിത്ര തുടങ്ങിയ നമ്മുടെ നാട്ടിലെ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യചികിത്സസംവിധാനങ്ങളാണ് മെഡിക്കല്‍കോളജ് വളപ്പിലുള്ളത്. ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കാവുന്ന കേന്ദ്രമായാണ് മെഡിക്കല്‍കോളജിനെ കേരളമാകെ കാണുന്നത്. മെഡിക്കല്‍ കോളജുകളിലെ കുറവുകള്‍ മറ്റാരെക്കാളും ഡോക്ടര്‍മാര്‍ക്കാണ് കൂടുതലറിയുക. ഇതിനായി അലുമ്നി അസോസിയേഷന്‍ താല്‍പര്യമെടുക്കുന്നത് നല്ല കാര്യമാണ്. ആര്‍ദ്രം പദ്ധതിയില്‍ സര്‍ക്കാറാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെങ്കിലും മറ്റ് വ്യക്തികളുടെയും സമൂഹത്തിന്‍െറയും സംഘടനകളുടെയും സഹായം സ്വീകരിക്കും. ലോകത്തിന്‍െറ പല ഭാഗത്തുള്ള പ്രഗല്ഭരുടെ സംഘടനയാണ് മെഡിക്കല്‍ കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയെന്നും അദ്ദേഹം പറഞ്ഞു. പുറ്റിങ്ങല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്ക് അലുമ്നി അസോസിയേഷന്‍ ധനസഹായം നല്‍കിയതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മരണമടഞ്ഞവരുടെ 21 ആശ്രിതര്‍ക്കും സ്ഥിരമായ അംഗവൈകല്യം സംഭവിച്ച 21 പേര്‍ക്കുമാണ് 12 ലക്ഷം രൂപ ധനസഹായം നല്‍കിയത്. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ, അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഗ്രാജ്വേറ്റ്സ്, അലുമ്നി അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. മാര്‍ത്താണ്ഡ പിള്ള, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. ജോണ്‍ പണിക്കര്‍, ഡോ. കെ. ദിനേശ്, ഡോ. കെ.വി. വിശ്വനാഥന്‍, ഡോ. എസ്. വാസുദേവ്, ഡോ. വേദപ്രകാശ് മിശ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ. എം.വി. പിള്ള, ഡോ. മുഹമ്മദ് മജീദ്, ഡോ.എം.ഐ. സഹദുല്ല, ഡോ. കൃഷ്ണ ആര്‍. പ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.