രോഗങ്ങളും വിലത്തകർച്ചയും; വാഴക്കർഷകർ ദുരിതത്തിൽ

*കിലോക്ക് 50ന് മുകളിൽ വില ലഭിച്ചിരുന്ന പച്ച ഏത്തക്കായക്ക് ഇപ്പോൾ 20 രൂപ മാത്രമേ കർഷകർക്ക് ലഭിക്കുന്നുള്ളൂ പത്തനാപുരം: വിലത്തകർച്ചയും വിവിധ രോഗങ്ങളും വാഴകൃഷി കർഷകരെ ദുരിതത്തിലാക്കുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന വാഴവിത്ത് വാങ്ങി കൃഷിചെയ്തവരാണ് കൂടുതലും വാഴയുടെ രോഗബാധയിൽ പ്രതിസന്ധിയിലായത്. കൃഷിഭൂമി പാട്ടത്തിനെടുത്തും പണം കടംവാങ്ങിയും കൃഷി നടത്തിയ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. സ്ത്രീകൾ അടക്കം സംഘംചേർന്ന് കൃഷി നടത്തിയവരുണ്ട്. ഒരു വാഴക്ക് രോഗംവന്നാൽ സമീപത്തെ മുഴുവൻ വാഴയും രോഗബാധമൂലം നശിക്കുന്ന സ്ഥിതിയാണ്. രോഗബാധക്കൊപ്പം വാഴക്കുലയുടെ വൻ വിലയിടിവുകൂടിയായതോടെ കർഷകർ വലിയ ദുരിതത്തിലായി. ഒരുമാസം മുമ്പ് കിലോക്ക് 50 രൂപക്ക് മുകളിൽ വില ലഭിച്ചിരുന്ന പച്ച ഏത്തക്കാക്ക് ഇപ്പോൾ 20 രൂപ മാത്രമേ കർഷകർക്ക് ലഭിക്കുന്നുള്ളൂ. എന്നാൽ, 45 രൂപക്ക് മുകളിലാണ് ഏത്തപ്പഴം വ്യാപാരികൾ വിൽപന നടത്തുന്നത്. മറ്റ് വാഴക്കുലകൾക്കും കർഷകർക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നത്. മുൻ വർഷങ്ങളിൽ ശബരിമല മണ്ഡലകാല, -മണ്ഡലചിറപ്പ് സീസണിൽ വാഴക്കുലക്ക് നല്ലവില ലഭിച്ചിരുന്നു. എന്നാൽ, ഇക്കുറി വലിയ വിലത്തകർച്ചയാണ് കർഷകർക്ക് നേരിടേണ്ടിവന്നത്. കഴിഞ്ഞവർഷം ഈ സീസണിൽ വാഴക്കുലക്ക് നല്ല വില ലഭിച്ചിരുന്നു. ഇക്കുറിയും നല്ല വില ലഭിക്കുമെന്നുകണ്ട് മറ്റ് കൃഷികൾ ഒഴിവാക്കി കൂടുതൽപേർ വാഴകൃഷി ചെയ്ത് ഒരുമിച്ച് വിളവെടുത്തതും അന്യസംസ്ഥാനങ്ങളിൽനിന്ന് ലോഡ് കണക്കിന് വാഴക്കുലകൾ എത്തുന്നതുമാണ് വിലയിടിവിന് കാരണമായി പറയുന്നത്. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും ഭയന്ന് കൃഷി നടത്തുന്ന കർഷകർ വാഴക്കുലയുടെ വിലയിടിവും രോഗവും കൂടിയായതോടെ വാഴകൃഷിയിൽനിന്ന് പിന്തിരിയുന്ന സ്ഥിതി അവസ്ഥയാണ്. കർഷകർക്ക് പ്രോത്സാഹനവും സഹായവും നൽകാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.