'കേരള'യിൽ അധ്യാപക നിയമനത്തിൽ ക്രമക്കേടെന്ന്​ ആക്ഷേപം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധ്യാപക നിയമനത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. സർവകലാശാല എജുക്കേഷൻ വകുപ്പിലെ അസിസ്റ്റൻറ് പ്രഫസർ നിയമനത്തിൽ ക്രമക്കേട് നടന്നുവെന്നാണ് പരാതി. വൈസ് ചാൻസലർ ചെയർമാനും അദ്ദേഹം നിർദേശിക്കുന്ന വിദഗ്ധരും വകുപ്പുതലവനും അടങ്ങുന്ന സമിതിക്കാണ് സർവകലാശാലയിൽ അധ്യാപകരുടെ തെരഞ്ഞെടുപ്പ് ചുമതല. ഇവർ സമർപ്പിക്കുന്ന റാങ്ക് പട്ടിക പരിഗണിക്കുകയെന്ന ചുമതല മാത്രമാണ് ഇപ്പോൾ സിൻഡിക്കേറ്റിനുള്ളത്. എജുക്കേഷൻ വകുപ്പിലെ നിയമനത്തിന് ഫെബ്രുവരിയിലാണ് ഇൻറർവ്യൂ നടന്നത്. ജനറൽ, ഈഴവ വിഭാഗങ്ങൾക്കുള്ള ഒാരോ ഒഴിവിലേക്കായിരുന്നു ഇൻറർവ്യൂ. ഡോക്ടറേറ്റ് ഉൾപ്പെടെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അർഹമായ മാർക്ക് നൽകാതിരിക്കുകയും അനർഹർക്ക് അധികം മാർക്ക് നൽകുകയും ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു. അക്കാദമിക മികവിന് 80ൽ ഇരുപത്തഞ്ച് മാർക്ക് മാത്രം കിട്ടിയ ഉദ്യോഗാർഥിക്ക് ഇൻറർവ്യൂവിന് ഇരുപതിൽ 19 മാർക്ക് നൽകിയപ്പോൾ ഇതേ വിഭാഗത്തിൽ എൺപതിൽ 44 മാർക്ക് കിട്ടിയ ഉദ്യോഗാർഥിക്ക് ഇൻറർവ്യൂവിന് നൽകിയത് കേവലം ആറ് മാർക്ക് മാത്രമാണ്. ദേശീയ അവാർഡ് ഇല്ലാത്തയാൾക്ക് ആ വിഭാഗത്തിൽപെട്ടവർക്കുള്ള മൂന്ന് മാർക്ക് നൽകുകയും ഡോക്ടറേറ്റ് ഇല്ലാത്തയാൾക്ക് പോസ്റ്റ് ഡോക്ടൽ റിസർച് എക്സ്പീരിയൻസിനുള്ള മാർക്ക് നൽകുകയും ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു. ഒന്നിലേറെ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അധിക മാർക്ക് നൽകുന്നതിലും ക്രമക്കേട് നടന്നിട്ടുണ്ട്. സാധാരണനിലയിൽ വൈസ് ചാൻസലർ അധ്യക്ഷനായ സമിതി സമർപ്പിക്കുന്ന റാങ്ക് പട്ടിക സിൻഡിക്കേറ്റ് അംഗീകരിക്കാറാണ് പതിവ്. എജുക്കേഷൻ വിഭാഗത്തിലെ അധ്യാപക നിയമനത്തിൽ ക്രമക്കേട് നടന്നെന്ന വിവരം പുറത്തായതോടെ സർവകലാശാലയിൽ അടുത്തിടെ നടന്ന അധ്യാപക നിയമനങ്ങളെല്ലാം സംശയത്തി​െൻറ നിഴലിലാണ്. ബുധനാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഈ വിഷയം ചൂടേറിയ ചർച്ചയാവുമെന്ന് സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.