വീട് നഷ്​ടപ്പെട്ടവരുടെ റിപ്പോർട്ട് രണ്ടു ദിവസത്തിനകം; ദുരിതാശ്വാസപ്രവർത്തനങ്ങൾ തീവ്രമായി തുടരുമെന്നും കലക്ടർ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റി​െൻറ കെടുതികൾക്കിരയായി വീട് നഷ്ടപ്പെട്ടവരുടെയും വാസയോഗ്യമല്ലാതെയായവരുടെയും കണക്കുകൾ രണ്ട് ദിവസത്തിനകം സമർപ്പിക്കണമെന്ന് ബന്ധപ്പട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ കെ. വാസുകി നിർദേശം നൽകി. തിരച്ചിൽ നടപടികളും ദുരിതാശ്വാസപ്രവർത്തനങ്ങളും ഉൗർജിതമായി തുടരുമെന്നും അവർ അറിയിച്ചു. വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിട്ടുള്ള, ഇനിയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡി.എൻ.എ സാമ്പിളുകൾ സ്വീകരിക്കുന്നതിന് തീരുമാനമായതായും കലക്ടർ അറിയിച്ചു. മത്സ്യ ബന്ധനോപാധികളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ കണക്കാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി കലക്ടർക്കും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ഭക്ഷണം കുടിവെള്ളം, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയവ കലക്ടർ, സബ്കലക്ടർ ദിവ്യ എസ്. അയ്യർ, പ്രത്യേക ചുമതലയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡി. ബാലമുരളി, പി.ബി. നൂഹ് എന്നിവർ നേരിട്ട് സന്ദർശിച്ച് വിലയിരുത്തുന്നതിനും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉദ്യോഗസ്ഥതല അവലോകനത്തിൽ തീരുമാനിച്ചു. ക്യാമ്പുകൾ അടുത്ത ഒരാഴ്ച കൂടി തുടരുന്നതിനും പിന്നീട് ആവശ്യമെങ്കിൽ ദീർഘിപ്പിക്കുന്നതിനും തീരുമാനമായി. ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം അടിയന്തരമായി ഉറപ്പാക്കുന്നതിന് ജില്ല സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി. മലയോരമേഖലകളിൽ ചുഴലിക്കാറ്റി​െൻറ കെടുതികൾക്കിരയായി ഒരാഴ്ചയായി വൈദ്യുതി ഇല്ലാത്ത പെരിങ്ങമ്മല, വിതുര, തെന്നൂർ മേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകുന്നതിനും നിർദേശം നൽകി. ദുരിതാശ്വാസക്യാമ്പുകളായ സ്കൂളുകൾക്ക് അവധി തിരുവനന്തപുരം: ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ചവരെ കലക്ടർ അവധി പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.