മരണവുമായി തർക്കിച്ച മൂന്ന് രാവുകൾ രാജുവിന് മറക്കാനാവില്ല

പൂന്തുറ: കഴിഞ്ഞ 25 വർഷമായി കടലമ്മയുടെ മടിത്തട്ടിൽനിന്ന് മീൻ വാരുന്നവനാണ് രാജു. ഒരിക്കൽപോലും പോറ്റമ്മ ചതിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച കടലിന് സംഭവിച്ച രൂപമാറ്റങ്ങൾ ഇപ്പോഴും ദുഃസ്വപ്നമായി വേട്ടയാടുകയാണ് ഈ പൂന്തുറ സ്വദേശിയെ. ആർത്തലച്ച ഭീമൻ തിരമാലകളിൽപെട്ട് കടലി‍​െൻറ അടിത്തട്ടിൽപോയി മടങ്ങിവന്നത് നിരവധിതവണയാണ്. മരണവുമായി തർക്കിച്ച മൂന്ന് രാവുകൾ. ഒരുപക്ഷേ ആഴക്കടലിൽ മറിഞ്ഞ വള്ളത്തിന്മേൽ ഒരു പിടിവള്ളി കിട്ടിയില്ലായിരുന്നെങ്കിൽ താനും സുഹൃത്തുകളും ഇന്ന് തീരം കാണില്ലെന്ന് രാജു പറയുന്നു. പൂന്തുറ സ്വദേശികളായ ലൈയിന്‍ അടിമ, മുത്തപ്പന്‍, ഡെല്‍സന്‍ എന്നിവര്‍ക്കൊപ്പം ബുധനാഴ്ച ഉച്ചയോടെയാണ് രാജു പൂന്തുറയില്‍നിന്ന് കടലിലേക്ക് പോയത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ ഉള്‍ക്കടലില്‍നിന്ന് വള്ളം നിറയെ മീനുകളുമായി തിരികെ വരുമ്പോഴാണ് കടലി​െൻറ സ്വഭാവം മാറിത്തുടങ്ങിയതായി ഇവർ മനസ്സിലാക്കുന്നത്. മിനിറ്റുകൾക്കുള്ളിൽതന്നെ കാറ്റ് ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളത്തെ തലകീഴായി എടുത്തെറിഞ്ഞു. രാജുവും കൂട്ടരും നാലുവശത്തേക്കും തെറിച്ചുവീണു. തുടർന്ന് മറിഞ്ഞ വള്ളത്തെ നേരെയാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ഡെൻസണെ കാണാതാവുകയും ചെയ്തു. കൊടുങ്കാറ്റിൽ കടൽ ഇളകിമറിഞ്ഞതോടെ വള്ളത്തി​െൻറ മുകളില്‍ പിടിച്ചുകിടക്കുകയായിരുന്നു. ഒഴുക്കിലും കാറ്റിലും പെട്ട വള്ളം പലതവണ ശക്തമായി വന്നിടിച്ച് ദേഹം മുഴുവൻ ചതഞ്ഞെങ്കിലും ജീവിതത്തിലേക്കുള്ള ഏക കച്ചിത്തുരുമ്പായ വള്ളത്തില്‍നിന്ന് പിടിവിടാന്‍ ഇവർ തയാറായില്ല. പക്ഷേ രണ്ടാംനാള്‍ തീര്‍ത്തും അവശരായിപ്പോയെന്ന് രാജു പറയുന്നു. ഇതോടെ പ്രാർഥനമാത്രമായി ഏക ആശ്രയം. പലകുറി മരണം കൊതിയോടെ എത്തിനോക്കിയെങ്കിലും കുടിലിലെ മുഖങ്ങൾ ഇവർക്ക് പ്രതീക്ഷനൽകി. മൂന്നാം നാള്‍ കപ്പല്‍ചാലിലൂടെ കടന്നുപോയ ചരക്ക് കപ്പലാണ് ഇവരെ രക്ഷപ്പെടുത്തുന്നത്. കപ്പലിനുള്ളിൽ ഡെൽസനുമുണ്ടെന്ന് കണ്ടതോടെ വേദന ആഹ്ലാദമായി മാറി. പിന്നീട് നേവിയുടെ ഹെലികോപ്ടറിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണമുഖത്തുനിന്ന് ജീവിതം തിരികെ കിട്ടിയെങ്കിലും ഇനിയും അന്നം തേടി കടലമ്മയുടെ മടിയിലേക്കുതന്നെ പോകുമെന്ന് രാജു പറയുന്നു. -എം. റഫീഖ് പടം ക്യാപ്ഷന്‍: രാജു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.