പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച മുന്നൊരുക്കങ്ങൾ

ഫോട്ടോ- ജില്ല സ്‌കൂള്‍ കലോത്സവത്തിന് ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഒരുക്കിയ പ്രധാനവേദി ആറ്റിങ്ങല്‍: ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കലോത്സവ സംഘാടനം. മറ്റൊരു വിദ്യാഭ്യാസ ഉപജില്ലയില്‍ വരേണ്ട കലോത്സവമാണ് സൗകര്യങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷവും ആറ്റിങ്ങലിന് ലഭിച്ചത്. ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കൻഡറി സ്‌കൂളിനെയാണ് പ്രധാനവേദിയായി ആദ്യം പരിഗണിച്ചത്. 12 വേദികള്‍ മത്സരനടത്തിപ്പിന് ആവശ്യമാണ്. ഗവ. മോഡല്‍ ബോയ്‌സിന് പുറമെ ഇതരവിദ്യാലയങ്ങളും ഹാളുകളും ലഭ്യമാക്കിയാലേ ഇത് സാധ്യമാകൂ. അനുബന്ധ വിദ്യാലയങ്ങളും ഹാളുകളും ഈ വിദ്യാലയത്തില്‍നിന്ന് ഏറെ അകലെയാണെന്നത് ന്യൂനതയായി. ഇതോടെ ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിനെ പ്രധാനവേദിയായി പരിഗണിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പും ഗവ. ഗേള്‍സില്‍ വെച്ച് ജില്ല കലോത്സവം സംഘടിപ്പിച്ചിരുന്നു. ഗവ. ടൗണ്‍ യു.പി.എസ്, ഡയറ്റ് എന്നീ വിദ്യാലയങ്ങളും ടൗണ്‍ ഹാള്‍, മുനിസിപ്പല്‍ ലൈബ്രറി ഹാള്‍, സ്വകാര്യ ഒാഡിറ്റോറിയങ്ങള്‍ എന്നിവയുടെ സാമീപ്യവും ഗേള്‍സില്‍ കലോത്സവ നടത്തിപ്പിന് സഹായകമാണ്. ക്രിസ്മസ് പരീക്ഷക്ക് മുമ്പ് ജില്ല കലോത്സവം നടത്തിത്തീര്‍ക്കേണ്ടതുള്ളതിനാല്‍ വേഗത്തിലാണ് തുടര്‍നടപടികളുണ്ടായത്. സ്റ്റേജുകളും പന്തലുകളും ഒരുക്കാന്‍ ആരംഭിച്ചത് മുതല്‍ മഴയും കാറ്റും തുടങ്ങി. പ്രതികൂല കാലാവസ്ഥയിലും നിർമാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതിനാലാണ് തിങ്കളാഴ്ചയോടെ ഇവ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. വെളിച്ചവും വൈദ്യുതി ദീപാലങ്കാരവും ഉള്‍പ്പെടെ തിങ്കളാഴ്ച രാത്രിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ജില്ല കലോത്സവത്തിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ഉപജില്ല കലോത്സവങ്ങളും തൊട്ടടുത്ത ദിവസങ്ങളിലാണ് കഴിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ പാറശ്ശാലയില്‍ ഉള്‍പ്പെടെ കലോത്സവം നിര്‍ത്തിവെക്കുകയും നബിദിനത്തിന് ഉള്‍പ്പെടെ മത്സരങ്ങള്‍ നടത്തേണ്ടിവരികയും ചെയ്തു. ശനിയാഴ്ചയോടെയാണ് ഉപജില്ല കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിനുള്ളില്‍തന്നെ ജില്ല കലോത്സവത്തി​െൻറ മത്സരപട്ടിക തയാറാക്കിയിരുന്നു. ഞായറാഴ്ച കൊണ്ട് ഇതര കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ചെയ്തു. അധ്യാപക സംഘടനകള്‍ക്ക് പുറമെ ജനപ്രതിനിധികളുടെയും നഗരസഭയുടെ പിന്തുണയും കലോത്സവ നടത്തിപ്പിന് സഹായകമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.