വിളപ്പിൽശാല ചന്തയിൽ പ്ലാസ്​റ്റിക് സംസ്കരണശാല സ്ഥാപിക്കാൻ പഞ്ചായത്ത് നീക്കം

പേയാട്: വിളപ്പിൽശാല ചന്തയിൽ പ്ലാസ്റ്റിക് സംസ്കരണശാല സ്ഥാപിക്കാൻ വിളപ്പിൽ ഗ്രാമപഞ്ചായത്ത് നീക്കം. പുതിയ ഭീഷണി നേരിടാൻ വീണ്ടും തയാറെടുപ്പുമായി വിളപ്പിൽശാലക്കാർ. ചവർ ഫാക്ടറി വരുത്തിയ തീരാദുരിതങ്ങളിൽനിന്ന് കരകയറും മുമ്പ് പ്ലാസ്റ്റിക് സംസ്കരണ പ്ലാൻറുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 14 ലക്ഷം രൂപ മുടക്കി വിളപ്പിൽശാല പൊതുചന്തയിൽ പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ് സ്ഥാപിക്കാൻ വിളപ്പിൽ പഞ്ചായത്തുമായി ശുചിത്വമിഷൻ ധാരണയുണ്ടാക്കിക്കഴിഞ്ഞു. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പ്ലാൻറിലെത്തിക്കും. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി വിനിയോഗിക്കും. ഇങ്ങനെ എത്തിക്കുന്ന പ്ലാസ്റ്റിക് യന്ത്രസഹായത്തോടെ പൊടിച്ച് ടാറിങ് ജോലികൾക്ക് അസംസ്കൃത വസ്തുവായി നൽകുന്നതാണ് പദ്ധതി. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിയിൽ പദ്ധതിയെ കുറിച്ച് വിശദീകരണമുണ്ടായി. പ്രധാന പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങൾ പദ്ധതിയെ എതിർത്തു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്ലാൻറ് സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച പഞ്ചായത്ത് ഭരണസമിതി സർവകക്ഷി യോഗം വിളിച്ചു. തൽക്കാലം പ്ലാൻറ് നിർമിച്ചില്ലെങ്കിലും ശുചിത്വമിഷൻ ഫണ്ടിൽ കെട്ടിടം പണിയാൻ അനുവദിക്കണമെന്നതായിരുന്നു ഭരണസമിതി ആവശ്യം. യോഗത്തിൽ സമവായമുണ്ടാക്കാൻ ഭരണസമിതിക്കായില്ല. ഇതിനിടെ, വിളപ്പിൽശാലയിൽ പ്ലാസ്റ്റിക് സംസ്കരണ പ്ലാൻറ് വരുെന്നന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. ഇതോടെ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്. മലിനവായു ശ്വസിക്കാൻ ഇനിയും തങ്ങളെക്കൊണ്ട് കഴിയില്ലെന്നവർ ഒരേ സ്വരത്തിൽ വിളിച്ചുപറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.