കിളിമാനൂർ എസ്.ഐയുടെ നിലയിൽ മാറ്റമില്ല

കിളിമാനൂർ: അമിതവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കിളിമാനൂർ എസ്.ഐ വി. ബൈജുവി​െൻറ ആരോഗ്യനിലയിൽ മാറ്റമില്ല. ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലാണെന്നും മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി പൊലീസ് പറഞ്ഞു. തലക്കകത്തുള്ള അമിതമായ രക്തസ്രാവം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനുശേഷമേ മറ്റ് കാര്യങ്ങൾ പറയാൻ കഴിയൂവെന്നും അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി 9.30ഓടെ കിളിമാനൂർ മുക്ക് റോഡ് കവലയിലാണ് അമിതവേഗത്തിലെത്തിയ ആംബുലൻസ് എസ്. ഐയെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയേറ്റ് ഡിവൈഡറിലേക്ക് തലയിടിച്ചുവീഴുകയായിരുന്നു. അപകടശേഷം നിർത്താതെപോയ ആംബുലൻസിനെ പിൻതുടർന്ന പൊലീസ് ആറ്റിങ്ങൽ റോഡിൽ നഗരൂരിന് സമീപത്തുനിന്ന് പിടികൂടി. അമിത മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെ ടുത്തു. തിരുവനന്തപുരത്തുനിന്ന് വന്ന വാഹനം വാമനപുരം, കാരേറ്റ് ഭാഗങ്ങളിൽ വിവിധ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് വന്നത്. നാട്ടുകാർ തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ അറിയിപ്പ് നൽകുകയായിരുന്നു. ലഭിച്ച വിവരത്തെ തുടർന്ന് വാഹനം പിടികൂടാൻ കാത്തുനിൽക്കുകയായിരുന്നു എസ്. ഐയുടെ നേതൃത്വത്തിൽ പൊലീസ്. സംസ്ഥാന പാതയിലൂടെ വന്ന വാഹനം ജങ്ഷനിൽ ആറ്റിങ്ങൽ റോഡിലേക്ക് അമിതവേഗത്തിൽ തിരിക്കവേയാണ് എസ്.ഐയെ ഇടിച്ചുതെറിപ്പിച്ചത്. സി.ഐ അടക്കമുള്ളവർ ആശുപത്രിയിലായതിനാൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.