കട്ടമരത്തി​ൽ അള്ളിപ്പിടിച്ച്​ ഒരു രാപ്പകൽ

തിരുവനന്തപുരം: കരയറിയാത്ത ഉൾക്കടലിൽ മാനംമുട്ടെ ഉയരുന്ന കൂറ്റൻ തിരമാലകൾ. ചുഴറ്റിയടിക്കുന്ന കൊടുങ്കാറ്റ്. ചുറ്റിനും കൂരാക്കൂരിരുട്ട്. ഒരു കട്ടമരത്തി​െൻറ ഇരുതലകളിലായി അള്ളിപ്പിടിച്ച് കിടക്കുന്ന കാർലോസിനും ക്ലീറ്റസിനും ഇടക്കിടെയുള്ള മിന്നൽ പിണറുകളിൽ തമ്മിൽ കാണാം. നിലവിളിക്കാൻപോലും ത്രാണിയില്ലാതെ ഉൾക്കടലിൽ കട്ടമരത്തിൽ ജീവിതത്തിനും മരണത്തിനും ഇടക്കുള്ള മണിക്കൂറുകൾ. കടലില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പട്ടെത്തിയ കന്യാകുമാരി ചിന്നത്തുറസ്വദേശി കാർലോസ് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല, പോയ രാപ്പകലുകള്‍ സമ്മാനിച്ച ദുരിതവും ദുരന്തവും. വ്യാഴാഴ്ച പുലർച്ചെയാണ് കട്ടമരത്തിൽ ഉറ്റ കൂട്ടാളി ക്ലീറ്റസുമൊത്ത് കാർലോസ് കടലിൽപോയത്. രാവിലെ പത്തരയോടെ ഉൾക്കടലിൽ ആരംഭിച്ച കാറ്റ് പെട്ടന്നായിരുന്നു രൗദ്രഭാവം പൂണ്ടത്. കാറ്റും തിരമാലയും ചേർന്ന് പലവട്ടം ഇവരുടെ ചാളത്തടി ചുഴറ്റിയെറിഞ്ഞു. അപ്പോഴെല്ലാം ദൈവത്തെ വിളിച്ച് പ്രാർഥിച്ച് ചാളത്തടിയിൽ പിടിച്ചുകിടന്നു. മഴയിലും കൂറ്റന്‍ തിരയിലും ചാളത്തടി കാര്‍ലോസിനെയും ക്ലീറ്റസിനെയും കൊണ്ട് ദൂരേക്ക് ഒഴുകിപ്പോയി. രാത്രി കട്ടമരത്തില്‍നിന്ന് തണുത്ത് വിറങ്ങലിച്ച് മരവിച്ച കൈകള്‍ അറിയാതെ വിട്ടുപോകുമ്പോള്‍ ക്ലീറ്റസിന് കാര്‍ലോസ് തുണയായി. ഉയര്‍ന്നുപൊങ്ങിയ ഒരു തിരമാല കട്ടമരത്തെ എടുത്തെറിഞ്ഞപ്പോള്‍ അവശനായ ക്ലീറ്റസ് ഇരുട്ടിലെവിടെയോ തെറിച്ച് കടലില്‍ മുങ്ങിത്താഴ്ന്നു പോകുന്നത് ഒരു മിന്നല്‍ പിണറി​െൻറ വെട്ടത്തില്‍ കാര്‍ലോസ് കണ്ടു. അബോധാവസ്ഥയിലും കാര്‍ലോസ് ചാളത്തടിയില്‍ കിടന്നു. നേരം വെളുത്തപ്പോള്‍ കാറ്റും തിരമാലകളും തെല്ലൊന്ന് അടങ്ങിയപ്പോള്‍ ദിക്കറിയാത്ത ഏതോ കര കണ്ടതും ആര്‍ത്തിയോടെ രക്ഷക്കായി അലറിക്കരഞ്ഞതും മാത്രമാണ് കാര്‍ലോസിന് ഓര്‍മയുള്ളത്. അപ്പോഴേക്കും തമിഴ് തീരത്തുനിന്ന് കിലോമീറ്ററുകള്‍ ദൂരെ അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ എത്തിയിരുന്നു. പൂത്തുറ തീരത്തുണ്ടായിരുന്ന സുനില്‍, ക്ലി​െൻറന്‍, ജിബിന്‍, മനോജ്‌ എന്നീ നാല് ചെറുപ്പക്കാര്‍ കടല്‍ക്ഷോഭം അവഗണിച്ച് കാര്‍ലോസിനെ രക്ഷപ്പെടുത്തുകയായിരുന്നു. തിരമുറിച്ച് കരക്കടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുവാക്കള്‍ ലൈഫ്ജാക്കറ്റും കയറും ജീവന്‍രക്ഷാ ഉപകരണങ്ങളുമായി കടലില്‍ കാര്‍ലോസി​െൻറ അടുക്കല്‍ നീന്തിയെത്തി ഇയാളെ ഏറെ ശ്രമപ്പെട്ട്‌ രക്ഷിച്ച് കരക്ക് എത്തിക്കുകയായിരുന്നു. ആദ്യം ചിറയിന്‍കീഴ്‌ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഉറ്റ കൂട്ടാളിയെ കടല്‍ കവര്‍ന്നതായി നിറകണ്ണുകളോടെ കാര്‍ലോസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.