കച്ചവടസ്ഥാപനങ്ങളില്‍ വില തോന്നിയപടി

കാട്ടാക്കട:- ഗ്രാമങ്ങളിലെ . വിലനിലവാര പട്ടികയില്‍ വില പ്രദര്‍ശിപ്പിക്കാറേയില്ല. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പച്ചക്കറിക്കടകള്‍ വരെ തോന്നിയ പടിയാണ് വില. ഒരു സാധനത്തിന് ഒരു ദിവസം തന്നെ പലവിലയാണ് ഈടാക്കുന്നത്. ഇതില്‍ പ്രധാനം പച്ചക്കറി- പഴക്കച്ചവടക്കാരാണ്. ജി.എസ്.ടിയില്‍ കുരുങ്ങി വില ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് തോന്നിയപടി ഈടാക്കി ചെറുകിട വ്യാപാരികള്‍ പോലും കൊള്ളയടിക്കുന്നത്. പച്ചക്കറി കടകളിലാണ് കൊള്ള. തക്കാളി ചില കടകളില്‍ ഞായറാഴ്ച കിലോ 90 രൂപയായിരുന്നു വില. പച്ചമുളകിനും കാരറ്റിനും വെള്ളരിക്കും ഒരു ദിവസം പല വിലകളാണ് ഈടാക്കുന്നത്. പഴം പച്ചക്കറി കടകളില്‍ വിലനിലവാര പട്ടിക ഉണ്ടെങ്കിലും പ്രദര്‍ശിപ്പിക്കാറില്ല. ഇതൊക്കെ ആരെങ്കിലും ചോദ്യംചെയ്താല്‍ അവര്‍ക്ക് സാധനങ്ങള്‍ നിഷേധിക്കുന്നതായും പരാതിയുണ്ട്. ചില കടകളില്‍ സാധനങ്ങളുടെ വില ചോദിക്കാന്‍ പാടില്ല. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിയശേഷം വ്യാപാരി പറയുന്ന ബില്ല് അടയ്ക്കേണ്ട ഗതികേടിലാണ്. പൊതു ചന്തയിലും ഗ്രാമങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും അളവ് തൂക്കത്തിലും വ്യാപക ക്രമക്കേടാണെന്നും പരാതിയുണ്ട്. രണ്ടുമാസം മുമ്പ് കാട്ടാക്കട പൊതുചന്തയില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം അളവുതൂക്ക മെഷീനുകളിലും കൃത്രിമം കണ്ടെത്തിയിരുന്നു. ഇതേ സ്ഥിതി തന്നെയാണ് കച്ചവട സ്ഥാപനങ്ങളിലും. പഴം -പച്ചക്കറി കടകളിലാണ് അളവുതൂക്കത്തിലും വ്യാപകമായ കൃത്രിമം നടത്തുന്നത്. സാധനങ്ങളുടെ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഗ്രാമങ്ങളിലെ കച്ചവടക്കാര്‍ ഭൂരിഭാഗം പേരും പാലിക്കാറില്ല. കടയിലുള്ള സാധനങ്ങളും ഇല്ലാത്തതുമായ ഉല്‍പന്നങ്ങളുടെ പട്ടിക കാണുമെങ്കിലും വില പ്രദര്‍ശിപ്പിക്കാറില്ല. തോന്നിയപടി വിലവാങ്ങുന്നതും അളവുതൂക്കത്തില്‍ കൃത്രിമം കാണിക്കുന്നതും മോശപ്പെട്ട നിത്യോപയോഗ സാധനങ്ങള്‍ വില്‍പന നടത്തുന്നത് തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.