ബോട്ടുകളും വള്ളങ്ങളും കരയിലേക്ക്; 36 പേർ തിരിച്ചെത്തി, മൂന്ന്​ പേർക്ക് പരിക്ക്

ചവറ: കടൽക്ഷോഭത്തെ തുടർന്ന് തിരിച്ചെത്താനാകാതെ കടലിൽ കടുങ്ങിയ മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും തിരിച്ചെത്തിത്തുടങ്ങി. നീണ്ടകരയിലും ശക്തികുളങ്ങരയിലുമായാണ് ശനിയാഴ്ച യാനങ്ങൾ എത്തിയത്. നാല് വള്ളങ്ങൾ, രണ്ട് ബോട്ടുകൾ എന്നിവയാണ് നീണ്ടകരയിൽ എത്തിയത്. 36 തൊഴിലാളികളാണ് ദുരിതക്കടൽ താണ്ടി കരയണഞ്ഞത്. ഇവരിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കൊച്ചുവേളി തൈ വിളാകത്ത് അനിൽ (42), ഓസേപ്പ് (53), വിഴിഞ്ഞം പൊഴിക്കര സ്വദേശി ഹൃദയദാസ് (65) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ച വിഴിഞ്ഞത്തുനിന്ന് കട്ടമരത്തിൽ മത്സ്യബന്ധനത്തിന് പോയ ഹൃദയദാസ് കടൽക്ഷോഭത്തെ തുടർന്ന് നിയന്ത്രണമില്ലാതെ കടലിൽ ഒഴുകിനടക്കുകയായിരുന്നു. തിരമാലകളിലും മഴയിലും കാറ്റിലുംപെട്ട് പലവട്ടം മരണത്തെ മുഖാമുഖം കണ്ടെങ്കിലും കട്ടമരത്തിൽ പിടിച്ച് മൂന്ന് രാപ്പകലുകളാണ് ഇയാൾ കടലിൽ കിടന്നത്. നീണ്ടകരക്ക് പടിഞ്ഞാറ് െവച്ചാണ് ഇയാളെ ബോട്ടുകാർ കാണുന്നത്. കടലിൽ അകപ്പെട്ട അശ്വനി എന്ന ബോട്ടിനെ രക്ഷിക്കാൻ കരയിൽ നിന്നും പുറപ്പെട്ട അശ്വനി സെക്കൻഡ് ബോട്ടാണ് ഹൃദയദാസിനെ രക്ഷപ്പെടുത്തി ബോട്ടിൽ കരയിലെത്തിയത്. ഇനിയും നിരവധി വള്ളങ്ങൾ കടലിലുെണ്ടന്നാണ് തീരത്തെത്തിയ മത്സ്യത്തൊഴിലാളികൾ പറയുന്നത്. പല മേഖലകളിൽനിന്നും പുറപ്പെട്ട വള്ളങ്ങൾ തകരാറിലായും ഇന്ധനം തീർന്നും കടലിൽ ഒഴുകിനടക്കുകയാണ്. ശക്തമായ കാറ്റിനൊപ്പം നിർത്താതെപെയ്യുന്ന മഴയും തീരത്തെത്താൻ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് പല വള്ളങ്ങളും കരയിലെത്തിയത്. കൂറ്റൻ തിരമാലകളിൽ ജീവൻവരെ നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായെന്നും ഭീതിനിറഞ്ഞ കണ്ണുകളോടെ തൊഴിലാളികൾ അനുഭവങ്ങൾ പങ്ക് വെച്ചു. ശനിയാഴ്ച വൈകീട്ട് നേവിയുടെ ഹെലികോപ്ടറുകൾ നീണ്ടകരയിലും ശക്തികുളങ്ങരയിലും നിരീക്ഷണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് നീണ്ടകരയിലെ തീരമേഖലയിലുള്ളവരെ മുഴുവനായും സുരക്ഷ നിർദേശത്തി​െൻറ പേരിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. നീണ്ടകരയിലെ മൂന്ന് സ്കൂളുകളിലാണ് രാത്രി ഇവരെ പാർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.