എ.ടി.എസ്.പി സമഗ്ര പദ്ധതിക്ക് 23 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: അഡീഷനൽ ട്രൈബൽ ഉപ പദ്ധതിയിൽ (സമഗ്രവികസന പദ്ധതി) തെരഞ്ഞെടുത്ത കോളനികളിലെ പദ്ധതികൾക്ക് 23.58 കോടിയുടെ ഭരണാനുമതി നൽകി. വയനാട് ജില്ലയിലെ പുൽപ്പള്ളി, തിരുനെല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലായി 2014-15 സാമ്പത്തികവർഷത്തിൽ തെരഞ്ഞെടുത്ത 12 പട്ടിക വർഗ കോളനികളിലെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. നിർവഹണ ഏജൻസികൾക്ക് നിർമാണ തുക കൈമാറുന്നതിന് മുമ്പ് ക്ലെയിം സംബന്ധിച്ച കൃത്യതയും സ്വീകാര്യതയും പരിശോധിക്കണെമന്ന് കലക്ടർക്ക് നിർദേശം നൽകി. പദ്ധതി നിർവഹണത്തിൽ കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിൽ സുഗമവും സമയബന്ധിതവുമായി പദ്ധതി നിർവഹിക്കാനാണ് തുക അനുവദിച്ചത്. എന്നാൽ, ഓരോ പഞ്ചായത്തിലും തെരഞ്ഞെടുത്ത കോളനികളിലും അനുവദിച്ച തുകയിലും മാറ്റം വരുത്തില്ല. പദ്ധതിയിൽ ആവശ്യമായി മാറ്റം വരുത്തുന്നതിന് ജൂലൈ 25ന് നടന്ന വിഡിയോ കോൺഫറൻസിൽ പട്ടിക വർഗ പ്രിൻസിപ്പൽ സെക്രട്ടറി ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഈ വർഷം ഒക്ടോബർ നാലിന് പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ കത്തും നൽകി. ഉത്തരവ് പ്രകാരം നിർവഹണ ഏജൻസികൾക്കുള്ള നിർമാണത്തിന് കൈമാറുന്നതിനുമുമ്പായി ക്ലെയിം സംബന്ധിച്ച് കൃത്യതയും സ്വീകാര്യതയും കലക്ടർ പരിശോധിക്കണമെന്ന് ജോയൻറ് സെക്രട്ടറി എസ്. ബീനാകുമാരി ഉത്തരവിൽ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.