ഓഖി: പോര്​ മുറുകി; വീഴ്ച ചീഫ് സെക്രട്ടറിയുടേതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, അല്ലെന്ന് കെ.എം. എബ്രഹാം

തിരുവനന്തപുരം: ഓഖി മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്ച സംബന്ധിച്ച് ചീഫ് സെക്രട്ടറിയും വകുപ്പുകളും തമ്മിൽ പരസ്യ പോരിലേക്ക്. ഓഖി ചുഴലിക്കാറ്റിനുള്ള സാധ്യത നിർദേശം ചീഫ് സെക്രട്ടറിക്കും ജില്ല കലക്ടർമാർക്കും ഒരു ദിവസം മുമ്പേ നൽകിയിരുന്നതായും എന്നാൽ, സന്ദേശത്തിലെ ഔദ്യോഗിക പദങ്ങൾ മനസ്സിലാകാത്തതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്നും സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ ആരോപിച്ചു. നവംബർ 29നാണ് സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നറിയിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചീഫ് സെക്രട്ടറിക് സന്ദേശം കൈമാറിയത്. ചുഴലിക്കാറ്റിന് പകരം 'ഡീപ് ഡിപ്രഷൻ' എന്ന വാക്കാണ് ഉപയോഗിച്ചത്. ഇത് ചുഴലിക്കാറ്റിന് പകരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതിക പദമാണെന്നും ഡയറക്ടർ മാധ്യമത്തോട് പറഞ്ഞു. ഡീപ് ഡിപ്രഷനാണ് 'സൈക്ലോണായി' (ചുഴലിക്കാറ്റായി) മാറുന്നത്. ഇതുമൂലം ശക്തമായ തിരമാലക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പ്രവേശിക്കുന്നത് തടയണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സാധാരണഗതിയിൽ കലക്ടർമാർക്ക് സന്ദേശം കൈമാറാറില്ലെങ്കിലും കേരളത്തിലെ ഗുരുതരസ്ഥിതി കണക്കിലെടുത്ത് കലക്ടർമാർക്കും 29ന് സന്ദേശം കൈമാറിയതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാൽ, സന്ദേശം ലഭിച്ചെങ്കിലും അതിൽ ചുഴലിക്കാറ്റ് എന്നൊരു പദം ഉപയോഗിച്ചിരുന്നില്ലെന്ന് ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം 'മാധ്യമ'ത്തോട് പറഞ്ഞു. നവംബർ 30ന് രാവിലെ വരെയും ഡീപ് ഡിപ്രഷൻ എന്ന പദമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയത്. വ്യാഴാഴ്ച ഉച്ചക്കാണ് ഓഖി ചുഴലിക്കാറ്റ് എന്ന രൂപത്തിൽ അറിയിപ്പ് ലഭിക്കുന്നത്. തുടർന്ന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ദുരന്തം സംഭവിച്ചതിൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മാറിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറ്റി അംഗം ശേഖർ എൽ. കുര്യാക്കോസും രംഗത്തെത്തി. നവംബര്‍ 30ന് രാവിലെ 8.30നും ഉച്ചക്ക് 12 മണിക്കും ഇടയിലാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നത്. ശക്തമായ തിരമാല സംബന്ധിച്ചും കാറ്റ് സംബന്ധിച്ചും കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇന്‍കോയിസ് എന്നീ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്ഥിരം അറിയിപ്പുകള്‍ ദുരന്തസാഹചര്യമായി വിലയിരുത്താന്‍ സാധിക്കില്ല. മാനദണ്ഡ പ്രകാരം ചുഴലിക്കാറ്റാണ് ദുരന്തം. സ്ഥിരമായി ഇത്തരം അറിയിപ്പുകള്‍ മാധ്യമങ്ങള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും കേന്ദ്ര കാലാവസ്ഥ വകുപ്പും ഇന്‍കോയിസും നേരിട്ട് നല്‍കുന്നതാണ് രീതി. 'കേരളതീരത്ത് 45--55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്' എന്നുമുള്ള അറിയിപ്പുകളാണ് നവംബര്‍ 29ന് ഉച്ചക്ക് 2.30ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയത്. ഈ വിവരം ലഭിച്ചയുടന്‍ പത്രമാധ്യമങ്ങള്‍ക്കും മറ്റ് ബന്ധെപ്പട്ടവര്‍ക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മെസേജ് സംവിധാനം മുഖാന്തരം അറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് എന്ന നിര്‍ണയാധികാരം കേന്ദ്ര കാലാവസ്ഥ വകുപ്പിന് മാത്രമാണ്. ചുഴലിക്കാറ്റ് എന്ന സാഹചര്യത്തില്‍ മാത്രമേ സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗിച്ചുള്ള തയാറെടുപ്പ് - പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. ഇത്തരം അറിയിപ്പ് ലഭിച്ചത് നവംബര്‍ 30ന് ഉച്ചക്ക് 12ന് മാത്രമാണെന്നും ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.