ഓഖി കണ്ണ്​ നിറയിച്ചു; ഒപ്പം ഡാമുകളും

തിരുവനന്തപുരം: 'ഒാഖി'യുടെ വരവിൽ തലസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് പെയ്തിറങ്ങി‍യത് 602.3 മി.മീറ്റർ മഴ. കാടും മേടും നഗരവും ഒന്നാകെ ചുഴലിക്കാറ്റിൽ വിറങ്ങലിച്ചപ്പോൾ തുലാവർഷത്തിൽ 36.61 ശതമാനം അധിക മഴയാണ് ഇതുവരെ ജില്ലയിൽ പെയ്തിറങ്ങിയത്. കഴിഞ്ഞവർഷം ഈ സീസണിൽ ജില്ലയിൽ 79 ശതമാനം മഴയുടെ കുറവുണ്ടായ സ്ഥാനത്താണ് ഇത്തവണ ശക്തമായ മഴ ലഭിച്ചത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് മഴ കുറഞ്ഞ ജില്ലകളിൽ കാസർകോടിനൊപ്പം രണ്ടാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം. അന്ന് 522.7 മി.മീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 112.4 മില്ലി മീറ്റർ മാത്രം. എന്നാൽ, ഇത്തവണ ഡിസംബർ രണ്ടുവരെ 465.5 മി.മീ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 635.94 മി.മീറ്റർ മഴയാണ്. 602.3 മി.മീറ്ററും ലഭിച്ചത് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ. ഡിസംബർ 31വരെയാണ് വടക്കുകിഴക്കൻ മൺസൂണി​െൻറ (തുലാവർഷം) കാലാവധി. സീസൺ തീരാൻ ഇനിയും ദിവസങ്ങൾ നിൽക്കേ മഴയുടെ ലഭ്യത ഇനിയും ഉയരുമെന്നാണ് കലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. കഴിഞ്ഞവർഷം തുലാവർഷവും ഇടവപ്പാതിയും ചതിച്ചതോടെ ഏപ്രിൽ-മേയ് മാസങ്ങളിൽ തിരുവനന്തപുരത്തെ നഗരപ്രദേശങ്ങളിലെല്ലാം കുടിവെള്ളം മുട്ടിയിരുന്നു. തുടർന്ന് നെയ്യാറിലെ കാപ്പുകാടുനിന്ന് അരുവിക്കരയിലേക്ക് വെള്ളം പമ്പ് ചെയ്താണ് കുടിവെള്ളം ലഭ്യമാക്കിയത്. തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന വിമാനത്താവളം ഭാഗത്താണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (156.7 മി.മീ). നെയ്യാറ്റിൻകര -134 മി.മീ, വർക്കല -123.8 മി.മീ, തിരുവനന്തപുരം നഗരം -112.2 മി.മീ, നെടുമങ്ങാട് -75.6 മി.മീ എന്നിങ്ങനെയാണ് മഴ. വരും ദിവസങ്ങളിലും തലസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് സംസ്ഥാന കലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.