ആലപ്പുഴയിൽ അഞ്ച്​ മത്സ്യത്തൊഴിലാളികളെ കാണാനില്ല; നാട്ടുകാർ ദേശീയപാത ഉപരോധിച്ചു

ആലപ്പുഴ: ആലപ്പുഴ തീരത്തെ ചെട്ടികാടുനിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും മത്സ്യത്തൊഴിലാളികളും ചേർന്ന് നഗരത്തിന് വടക്കുള്ള പൂങ്കാവ് ഭാഗത്ത് ദേശീയപാത ഉപരോധിച്ചു. ചെട്ടികാട് ആറാട്ടുകുളങ്ങര ക്ലീറ്റസി​െൻറ ജോയൽ എന്ന വള്ളമാണ് പുറംകടലിൽ കാണാതായത്. നാലുദിവസം മുമ്പാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. കടൽ പ്രക്ഷുബ്ധമായതോടെയാണ് ബന്ധുക്കൾ ആശങ്കയിലായത്. ചേന്നംവേലി സ്വദേശി സിബിച്ചൻ തിരുവിഴ, കാട്ടൂർ സ്വദേശി ജോയി പുന്നക്കൽ, ചെട്ടികാട് സ്വദേശികളായ യേശുദാസ് അരയശ്ശേരി, ഷാജി മംഗലം, തുമ്പോളി സ്വദേശി ജോസഫ് ആറാട്ടുകുളങ്ങര എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. ശനിയാഴ്ച രാവിലെ 11ഒാടെയാണ് ഉപരോധം ആരംഭിച്ചത്. റോഡിൽ കുത്തിയിരുന്ന 25ഓളം മത്സ്യത്തൊഴിലാളികളെ പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. കാണാതായവരെ ഉടൻ കണ്ടെത്താനുള്ള നടപടി ജില്ല ഭരണകൂടം സ്വീകരിക്കണമെന്ന നിലപാടിൽ മത്സ്യത്തൊഴിലാളികൾ ഉറച്ചുനിന്നു. ഒടുവിൽ ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബി, അമ്പലപ്പുഴ തഹസിൽദാർ ആശ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ആവശ്യം നേരിട്ട് കലക്ടർ ടി.വി. അനുപമയെ അറിയിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. പിന്നീട് ചെട്ടികാട് വാർഡ് അംഗം ആലീസ് സന്ധ്യാവ്, കോൺഗ്രസ് നേതാക്കളായ ടി.ടി. അനു, മണിക്കുട്ടൻ എന്നിവർ കലക്ടറെ കണ്ട് ചർച്ച നടത്തി. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും എത്തിയിരുന്നു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്ന് കലക്ടർ അറിയിച്ചു. ഇവർക്കായി ഉൾക്കടലിൽ കപ്പലിലും ഹെലികോപ്റ്ററിലും തിരച്ചിൽ നടത്തുകയാണ്. കോസ്റ്റ് ഗാർഡും അന്വേഷണം നടത്തുന്നുണ്ട്. തിരച്ചിലിനായി മറൈൻ എൻഫോഴ്സ്മ​െൻറ് ബോട്ട് വിട്ടുകിട്ടാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.