കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ; സംസ്​ഥാനത്തെ അനാഥാലയങ്ങൾ അടച്ചുപൂട്ടലിലേക്ക്​

തിരുവനന്തപുരം: കുട്ടികളുടെ ഭാവിയും സംരക്ഷണവും അനിശ്ചിതത്വത്തിലാക്കി സംസ്ഥാനത്തെ 1200ലേറെ വരുന്ന അനാഥാലയങ്ങൾ അടച്ചുപൂട്ടലിലേക്ക്. സർക്കാറി​െൻറ കർശന വ്യവസ്ഥകളും അനാഥാലയങ്ങളിലെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളും ഭീമമായ സാമ്പത്തികബാധ്യതയും താങ്ങാവുന്നതിലും അപ്പുറമായതാണ് സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒാർഫനേജ് കൺട്രോൾ േബാർഡിന് കീഴിലും അല്ലാതെയും പ്രവർത്തിക്കുന്ന ബാലമന്ദിരങ്ങൾ നവംബർ 30ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2015ലെ ജുവൈനൽ ജസ്റ്റിസ് ആക്ട് (ജെ.ജെ) പ്രകാരമാണിത്. ജെ.ജെ ആക്ട് പ്രകാരം 40 കുട്ടികളെ പാർപ്പിക്കുന്ന അനാഥാലയത്തിൽ സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ ഒരു വർഷം 55 ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിൽ ഏറിയപങ്കും തുക ചെലവിടുന്നത് സന്നദ്ധസംഘടനകളും മറ്റ് സ്ഥാപനങ്ങളുമാണ്. സർക്കാർ നൽകുന്ന വിഹിതം വളരെ പരിമിതമാണ്. കുട്ടിക്ക് വർഷത്തിൽ 1000 രൂപ മാത്രമാണ് സർക്കാർ നൽകുന്നത്. അതും തുക ചെലവിട്ടശേഷം അടുത്തവർഷമേ അനുവദിക്കൂ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എഴുന്നൂറോളം സ്ഥാപനങ്ങൾ രജിസ്ട്രേഷൻ പുതുക്കാൻ കൂട്ടാക്കാത്തത്. പകരം അവർ ആവശ്യപ്പെട്ടിരിക്കുന്നത് തങ്ങളുടെ അംഗീകാരം റദ്ദാക്കി കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നാണ്. ഇതിൽ 200 സ്ഥാപനങ്ങളുടെ അപേക്ഷ ബോർഡ് അംഗീകരിച്ചു. അഞ്ഞൂറോളം അപേക്ഷ സർക്കാറിൽനിന്ന് അഭിപ്രായം തേടിയശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ഇതുകൂടാതെ മറ്റ് നിരവധി സ്ഥാപനങ്ങളും എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. ഇരുന്നൂറോളം സ്ഥാപനങ്ങളുടെ അപേക്ഷ അംഗീകരിച്ചെങ്കിലും കുട്ടികളുടെ സംരക്ഷണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ഒരു ധാരണയും ഉണ്ടായിട്ടില്ല. അതേസമയം, രജിസ്ട്രേഷൻ പുതുക്കാനുള്ള അവസാനതീയതി ഇപ്പോൾ ഡിസംബർ 15വരെ നീട്ടിയിട്ടുണ്ടെന്നും അവശേഷിക്കുന്നവർക്ക് പുതുക്കാൻ ഇനിയും സമയമുണ്ടെന്നും സാമൂഹികനീതി വകുപ്പ് അറിയിച്ചു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.