'ഓഖി'യിൽ ആടിയുലഞ്ഞ്​ കന്യാകുമാരി

നാഗർകോവിൽ: വ്യാഴാഴ്ച പുലർച്ച മൂന്നുമുതൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ കന്യാകുമാരി ജില്ലയിൽ വ്യാപകനാശം. വ്യാപകമായി വൃക്ഷങ്ങൾ കടപുഴകി. വൈദ്യുതി പൂർണമായും നിലച്ചു. ആയിരക്കണക്കിന്വൈദ്യുതി തൂണുകൾ നിലംപൊത്തി. റോഡ്, റെയിൽ ഗതാഗതം പൂർണമായി നിലച്ചു. പല െട്രയിനുകളും മുടങ്ങിയതിനെത്തുടർന്ന് യാത്രക്കാർ നന്നേ വലഞ്ഞു. വിവാഹ സ്ഥലങ്ങളിൽ എത്തിപ്പെടാൻ കഴിയാത്തതു കാരണം പല വിവാഹങ്ങളും മാറ്റിെവച്ചു. രാജാക്കമംഗലം ഭാഗത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി. ഇവരെ സ്കൂളുകളിൽ മാറ്റിപ്പാർപ്പിച്ചു. അഞ്ചുഗ്രാമം തെക്ക് താമരക്കളം അഗസ്തീശ്വരം എന്നിവിടങ്ങളിലായി പത്തോളം വീടുകൾ പൂർണമായും തകർന്നു. മൊബൈൽ ടവറുകൾ തകർന്നതിനാൽ ആശയ വിതരണ സംവിധാനം ഭാഗികമായി നിലച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. 2004ലെ സൂനാമി കടൽത്തീര ഗ്രാമങ്ങളിൽ ആയിരത്തോളം പേരുടെ ജീവനെടുത്താണ് നാശം വിതച്ചതെങ്കിൽ ഓഖി ചുഴലിക്കാറ്റ് ജില്ലയൊട്ടാകെ നാശം വിതച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി രാജേന്ദ്ര ബാലാജി റവന്യൂ അധികൃതരുടെ യോഗം വിളിച്ചു. ജില്ല കലക്ടർ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതാശ്വാസ നടപടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.