കുഞ്ഞുജീവന്​ വീണ്ടും കൈകോര്‍ത്ത്​ കേരളം

കൊച്ചി: കുരുന്നുജീവനുവേണ്ടി ഒരുപാടുപേര്‍ വീണ്ടും മനസ്സും കരങ്ങളും കോര്‍ത്തു. ഗുരുതര ഹൃദ്രോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ശസ്ത്രക്രിയക്ക് തിരുവനന്തപുരത്തുനിന്ന് എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത് 2.55 മണിക്കൂര്‍കൊണ്ട്. കുഞ്ഞിനെ വഹിച്ച ആംബുലന്‍സിന് വേഗത്തിലും സുരക്ഷിതമായും യാത്രയൊരുക്കാന്‍ പൊലീസിനൊപ്പം അറുപതോളം ആംബുലന്‍സുകളും തിരുവനന്തപുരം- എറണാകുളം പാതയില്‍ വിവിധ ഘട്ടങ്ങളില്‍ അകമ്പടിയായി. തമിഴ്‌നാട് ശിവഗംഗ സ്വദേശികളായ തങ്കരാജി​െൻറയും ശിവകാമിയുടെയും ആണ്‍കുഞ്ഞിനെ തിരുവനന്തപുരം അവിട്ടം തിരുനാള്‍ ആശുപത്രിയില്‍നിന്നാണ് ലിസി ആശുപത്രിയിലെത്തിച്ചത്. ഹൃദയത്തിലെ പ്രധാന അറകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും വാല്‍വിന് ചോര്‍ച്ചയും സംഭവിക്കുന്ന രോഗമാണ് കുഞ്ഞിനുള്ളത്. വ​െൻറിലേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കൊല്ലം സ്വദേശി വിജയകുമാറായിരുന്നു ഡ്രൈവര്‍. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കുഞ്ഞുമായി യാത്ര തിരിച്ച ആംബുലന്‍സ് 3.25ന് ലിസിയിലെത്തി. ഓള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷ​െൻറ (എ.കെ.എ.ഡി.എ) നേതൃത്വത്തില്‍ വിവിധ ആംബുലന്‍സുകള്‍ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ സഹായമായി. മുന്‍കരുതല്‍ എന്ന നിലയില്‍ തീവ്രപരിചരണ സംവിധാനങ്ങളുള്ള മറ്റൊരു ആംബുലന്‍സ് മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം കുഞ്ഞിനെ വ​െൻറിലേറ്ററിലേക്കുമാറ്റി. വെള്ളിയാഴ്ച രാവിലെ ലിസി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. തോമസ് മാത്യുവി​െൻറ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തും. ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. അന്നു ജോസ്, ഡോ.വി. ബിജേഷ് എന്നിവരും ഒപ്പമുണ്ടാകും. കഴിഞ്ഞ ആഴ്ച താനൂര്‍ സ്വദേശിയുടെ 30ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയക്ക് കോഴിക്കോടുനിന്ന് മൂന്നുമണിക്കൂര്‍കൊണ്ട് ലിസി ആശുപത്രിയിലെത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.