കനത്ത ജാഗ്രതയിൽ തീരദേശം; നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

ചവറ: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തീരദേശ മേഖല കനത്ത ജാഗ്രതയിൽ. കടൽക്ഷോഭം മുന്നിൽ കണ്ട് നീണ്ടകര മത്സ്യബന്ധന തുറമുഖത്തും പരിസരത്തും അധികൃതർ ജാഗ്രതാ നിർദേശം നൽകി. കടൽക്ഷോഭത്തെ തുടർന്ന് നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. നീണ്ടകരയിൽനിന്ന് 22 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് കടലിൽ മത്സ്യബന്ധനം നടത്തിവന്ന കൊരട്ടി മാതാ വള്ളം മറിഞ്ഞത്. അഞ്ച് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. നീണ്ടകര പള്ളി പുറമ്പോക്കിൽ ആൻറണി (45), കന്യാകുമാരി തുത്തൂർ സ്വദേശി സതീശ് (38), കന്യാകുമാരി കരിങ്ങാൽ സ്വദേശി റോബിൻ (45), നീണ്ടകര സ്വദേശി പ്രിൻസ് (45), ബാബു (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ആൻറണി, സതീശ് എന്നിവർക്ക് സാരമായി പരിക്കേറ്റു. ശക്തമായ കാറ്റിൽപെട്ട് വള്ളം മറിയുകയായിരുന്നു. നാലു മണിക്കൂറോളം തൊഴിലാളികൾ സഹായത്തിന് വിളിച്ചുകൂവി വള്ളത്തിൽ പിടിച്ചുകിടന്നു. ഉച്ചക്ക് ഒന്നോടെ ഇത് വഴി കടന്നുവന്ന ബോട്ടിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. പരിക്കേറ്റവരെ കോസ്റ്റൽ കൺട്രോൾ റൂമി​െൻറ വാഹനത്തിൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടന്നറിയിക്കാനായി ഫിഷറീസ് കോസ്റ്റൽ അധികൃതരുടെ നേതൃത്വത്തിൽ രാവിലെ തന്നെ ഹാർബറിൽ സുരക്ഷാ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച മിക്ക മത്സ്യബന്ധന യാനങ്ങളും പുറപ്പെട്ടില്ല. രാവിലെയും കഴിഞ്ഞ ദിവസവുമായി പോയ ബോട്ടുകൾക്കും വള്ളങ്ങൾക്കും തിരിച്ചെത്താൻ നിർദേശം നൽകിയതോടെ മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച വൈകീട്ടോടെ കരയിൽ തിരിച്ചെത്തി. കരുനാഗപ്പള്ളി തഹസീൽദാറുടെ നിർദേശ പ്രകാരം കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചവറ, പന്മന, നീണ്ടകര, വടക്കുംതല തീരദേശ വില്ലേജുകൾ രാത്രിയും തുറന്നുപ്രവർത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.