മിനിമം ചാർജ്​​ 10​ രൂപയാക്കണമെന്ന്​ ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് 10 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഒരു രൂപയിൽനിന്ന് അഞ്ച് രൂപയാക്കണമെന്നും സ്വകാര്യ ബസുടമകൾ. ബസ് ചാർജ് വർധന സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റിയുടെ പൊതു ഹിയറിങ്ങിലാണ് ബസുടമകളുടെ ആവശ്യം. അതേ സമയം യാത്രക്കാരുടെ സംഘടനാ പ്രതിനിധികൾ ഇതിനെ എതിർത്തു. 2017-2022 കാലത്തെ 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആസൂത്രണബോർഡ് തയാറാക്കിയ റോഡ് ഗതാഗതം സംബന്ധിച്ച വർക്കിങ് ഗ്രൂപ് റിപ്പോർട്ട് ഉദ്ധരിച്ചാണ് പ്രതിനിധികൾ ബസുടമകളുടെ വാദത്തെ ചെറുത്തത്. മിനിമം ചാർജ് കുറച്ചുകൊടുക്കാനാണ് ആസൂത്രണ ബോർഡി​െൻറ ശിപാർശ. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാർജ് കിലോമീറ്ററിന് 64 പൈസയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും ഇത് 75 പൈസയായി ഉയർത്തണമെന്നതുമായിരുന്നു ബസുടമകളുടെ മറ്റൊരാവശ്യം. ഇരുച ക്രവാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് തങ്ങൾക്ക് ഭീഷണിയാണെന്നും കലക്ഷൻ കുറയുകയാണെന്നും ഉടമകൾ വാദിച്ചു. എന്നാൽ, മിനിമം ചാർജ് ഉയർത്തിയാൽ കലക്ഷൻ കൂടുതൽ താഴുമെന്നും ഇത് കണക്കിലെടുത്ത് ബസ് നിരക്ക് കുറക്കുകയാണ് വേണ്ടതെന്നും യാത്രക്കാരുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. യാത്ര ചെയ്യുന്ന കിലോമീറ്ററിന് അനുസൃതമായി ടിക്കറ്റ് നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് കേരള സ്റ്റേറ്റ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ഡിജോ കാപ്പന്‍ ആവശ്യപ്പെട്ടു. ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറികളുടെ നിരക്ക് പുതുക്കണമെന്നതായിരുന്നു ബസുടമകളുടെ മറ്റൊരാവശ്യം. ഇതിനെ കെ.എസ്.ആർ.ടി.സി പ്രതിനിധികൾ ശക്തിയുക്തം എതിർത്തു. ഏറെ നേരം തർക്കത്തിനും ഇതിടയാക്കി. നിരക്ക് വർധനയുമായി ബന്ധെപ്പട്ട് കെ.എസ്.ആർ.ടി.സിയുടെ നിർദേശങ്ങൾ അവതരിപ്പിക്കാൻ പ്രതിനിധികളെ കമീഷൻ ക്ഷണിച്ചെങ്കിലും വിവരങ്ങൾ തയാറാക്കിയില്ലെന്നായിരുന്നു വിശദീകരണം. ഇതിന് വീണ്ടും സാവകാശം ആവശ്യപ്പെട്ടു. ചാർജ് കൂട്ടിയാലും പ്രതിസന്ധി തീരില്ല -കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് കൂട്ടിയാലും സ്ഥാപനത്തി​െൻറ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതർ. ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റിയുടെ സിറ്റിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിമാസം സ്ഥാപനത്തിന് 205 കോടിയുടെ നഷ്ടമുണ്ടാകുന്നുണ്ട്. സർവിസ് ഇനത്തിൽ ഒാരോ മാസത്തെയും നഷ്ടം ശരാശരി 16 കോടി രൂപയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യസേവനങ്ങള്‍ കാരണം പ്രതിമാസം 161.17 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. എന്നാൽ, എം.എല്‍.എമാരുടെയും മുന്‍ സാമാജികരുടെയും സൗജന്യയാത്രയിലൂടെ മാത്രം 12.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് യാത്രക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.