കൃഷിനാശം രൂക്ഷം; വൈദ്യുതി നിലച്ചു

കാട്ടാക്കട: ചായ്ക്കുളം, കീഴ്വാണ്ട, ചെട്ടിക്കാല പ്രദേശത്ത് ഹെക്ടര്‍ കണക്കിന് പ്രദേശം വെള്ളത്തിനടിയിലായി. പതിനായിരത്തിലേറെ വാഴ വെള്ളം കയറി നശിച്ചു. കുടം വന്നതും കുലയ്ക്കാറായതുമായ വാഴകളാണ് നശിച്ചതിലേറെയും. ഏക്കര്‍ കണക്കിന് പ്രദേശത്തെ മരിച്ചീനി കൃഷിയും നശിച്ചു. ചായ്ക്കുളം സ്വദേശി അജിയുടെ 5000 ചതുരശ്ര അടി വിസ്തൃതിയിലെ മീന്‍വളര്‍ത്തല്‍ കുളത്തിലെ മത്സ്യങ്ങൾ ഒലിച്ചുപോയി. നൂറിലേറെ പേരുടെ കൃഷിഭൂമികളാണ് വെള്ളത്തിനടിയിലായത്. വ്യാഴാഴ്ച രാവിലെ മുതൽ നെയ്യാറിൽനിന്നും വെള്ളം പ്രദേശത്തെ കൃഷി ഭൂമിയിലേക്ക് കയറുകയായിരുന്നു. ഈ പ്രദേശത്തെ അമ്പതോളം വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നെയ്യാറിലെ മൂഴിക്കൽ കടവിൽനിന്ന് ഒരു കിലോമീറ്റർ മാറിയുള്ള പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാണ്. കള്ളിക്കാട് മൈലക്കര പ്രദേശങ്ങളിൽ വെള്ളം കയറി നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. മൈലക്കര പൂഴനാട് റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ മുതൽതന്നെ റോഡിൽ 10 അടിയിലേറെ വെള്ളം ഉയർന്നു. മഞ്ചംതോടിൽ ബിനുവി​െൻറ ഇരുനില വീടിൽ താഴത്തെനില പൂർണമായും വെള്ളത്തിനടിയിലായി. ഇവിടത്തെ വീട്ടുകാർ ബന്ധുവീട്ടില്‍ താമസം തുടങ്ങി. മഞ്ചംതോടിന് സമീപത്തെ വിജയ​െൻറ വീടും പൂർണമായും വെള്ളത്തിനടിയിലാണ്. കള്ളിക്കാട്, ഒറ്റശേഖരമംഗലം, കാട്ടാക്കട, കുറ്റിച്ചൽ, പ്രദേശത്ത് മരങ്ങൾ കടപുഴകിവീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതി ലൈനുകൾ പൊട്ടി വൈദ്യുതി വിതരണം മുടങ്ങി. വൈകിയും പലേടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി അശ്രാന്ത പരിശ്രമത്തിലാണ്. കാറ്റും തുടരെയുള്ള മഴയും വൈദ്യുതി ജോലികള്‍ക്ക് തടസ്സമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.