പാതയോരങ്ങളിൽ മാലിന്യംതള്ളുന്നത്​ വർധിക്കുന്നു; ജനം ദുരിതത്തിൽ

പത്തനാപുരം: പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമാവുന്നു. കിഴക്കന്‍മേഖലയിൽ ജനവാസമേഖലകളിലും പ്രധാന പാതയോരങ്ങളിലുമുള്‍പ്പെടെ മാലിന്യനിക്ഷേപം പതിവായിട്ടും ബന്ധപ്പെട്ടവർ നിസ്സംഗത തുടരുകയാണ്. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പൊതുനിരത്തുകളില്‍ നിക്ഷേപിക്കുന്നത് നീക്കംചെയ്യാൻ അധികൃതര്‍ തയാറാകുന്നില്ല. രൂക്ഷമായ ദുര്‍ഗന്ധം കാരണം ഇതുവഴിയുള്ള യാത്രയും ജനജീവിതവും ദുഃസഹമാണ്. വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട്, പച്ചിലവളവ്, ആവണീശ്വരം, കാര്യറ പ്രദേശങ്ങളിലും പത്തനാപുരം മഞ്ചള്ളൂര്‍, പാതിരിയ്ക്കല്‍, നെടുംപറമ്പ്, ലാസറസ് പള്ളി മേഖലകളിലും പിറവന്തൂര്‍ കടയ്ക്കാമണ്‍, മുക്കടവ്, നാരങ്ങാപ്പുറം, കറവൂര്‍ ഭാഗങ്ങളിലുമാണ് പതിവായി മാലിന്യനിക്ഷേപം നടക്കുന്നത്. അനധികൃത അറവ് ശാലകളില്‍നിന്നും ഇറച്ചിക്കോഴി കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ പാതയോരങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളിലധികവും. മിക്ക പഞ്ചായത്തുകളിലും അംഗീകൃത അറവുശാലകളില്ല. രാത്രിയിൽ വാഹനങ്ങളിലും മറ്റുമെത്തുന്ന സംഘങ്ങള്‍ മാലിന്യങ്ങള്‍ റോഡരികില്‍ ഉപേക്ഷിക്കുകയാണ് പതിവ്. പത്തനാപുരം നഗരഹൃദയത്തില്‍ രണ്ട് മാലിന്യസംസ്കരണ പ്ലാൻറുകള്‍ ഉണ്ടായിട്ടും ഫലപ്രദമായി വിനിയോഗിക്കാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പത്തനാപുരം നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് പൊതുവായി മാലിന്യസംസ്കരണ പ്ലാൻറ് വേണമെന്ന ആവശ്യം പഞ്ചായത്തുകളും ജനപ്രതിനിധികളും തമ്മിലുള്ള കിടമത്സരം കാരണം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.