കൊല്ലം: മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽനിന്ന് ബസ് കടത്താൻ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ മണമ്പൂർ ശിവജ്യോതിയിൽ അലോഷിനെയാണ് (25) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. പോളയത്തോെട്ട സുഹൃത്തിെൻറ വീട്ടിലെത്തിയതായിരുന്നു അലോഷ്. വീട്ടിലേക്ക് മടങ്ങാനാണ് കൊല്ലം ഡിപ്പോയിലെത്തിയത്. ആറ്റിങ്ങൽ ഭാഗത്തേക്ക് ഉടനെ വണ്ടിയില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി. പിന്നെ താമസിച്ചില്ല. ബസ്ഡിപ്പോക്ക് സമീപം ലിങ്ക് റോഡ് ഭാഗത്ത് നിർത്തിയിട്ടിരുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസിൽ കയറി. മെക്കാനിക്കൽ വിഭാഗത്തിെൻറ പരിശോധനക്ക് ശേഷം ബസിെൻറ താക്കോൽ ഡ്രൈവിങ് സീറ്റിൽ തന്നെയുണ്ടായിരുന്നു. താക്കോൽ കൈയിൽ കിട്ടിയ ഉടനെ ബസ് സ്റ്റാർട്ടാക്കി ആറ്റിങ്ങലിലേക്ക് ഒാടിച്ചുപോവുകയായിരുന്നു. ലിങ്ക് റോഡ് ഇരുട്ടിലായതിനാൽ ആരും ഇതറിഞ്ഞില്ല. വണ്ടി എടുത്ത് ഒരു കിലോമീറ്റർ ഓടുന്നതിന് മുമ്പ് ചിന്നക്കട റൗണ്ടിലെ വൈദ്യുതി പോസ്‌റ്റിലിടിച്ചു. സംഗതി കൈവിട്ടതോടെ അലോഷ് മുങ്ങി. ചിന്നക്കടയിൽ ഡ്യൂട്ടിയിലായിരുന്ന പൊലീസ് അപകടം സൃഷ്‌ടിച്ച വാഹനം പരിശോധിച്ചപ്പോൾ ആരെയും കാണാനായില്ല. തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതരെ വിവരമറിയിച്ച് കാത്ത് നിൽക്കുന്നതിനിടെ ഒരാൾ ബസിനകത്ത് ഒളിച്ചുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്‌തതോടെയാണ് അലോഷ് കുടുങ്ങിയത്. ഇറങ്ങി ഓടിയപ്പോൾ ഡ്രൈവർ സീറ്റിന് താഴെ പെട്ടുപോയ ഷൂസ് എടുക്കാനായിരുന്നു അലോഷ് എത്തിയത്. മദ്യ ലഹരിയിലായിരുന്നതിനാലാണ് വാഹനം ഓടിച്ചുപോയതെന്ന് പൊലീസ് പറയുന്നു. കെ.എസ്.ആർ.ടി.സി അധികൃതരുടെ പരാതിയിൽ കൊല്ലം ഈസ്‌റ്റ് പൊലീസ് കേസെടുത്തു. അലോഷ് പ്രവാസിയാണ്. മോഷണം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ഇയാൾക്കു മേൽ ചുമത്തിയിട്ടുണ്ട്. വൈദ്യുതി പോസ്‌റ്റ് തകർന്നതിലും ബസിന് കേടുപറ്റിയ ഇനത്തിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.