കഥകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

കൊല്ലം: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കുന്ന കഥാപ്രസംഗ ഉത്സവം 'കഥകളതിസാദരം-' ഞായറാഴ്ച സമാപിക്കും. വൈകീട്ട് മൂന്നിന് കഥാപ്രസംഗമേഖലയിൽ പ്രവർത്തിച്ചവരുടെ സംഗമം നടക്കും. കാഥികരും അവർക്കൊപ്പം അവതരണത്തിൽ പങ്കാളികളായ കലാകാരൻമാരും പങ്കെടുക്കും. വൈകീട്ട് 5.30ന് സമാപനസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. തുടർന്ന് ചിറക്കര സലീംകുമാർ 'നമുക്ക് ജാതിയില്ല' എന്ന കഥയും പാലാ നന്ദകുമാർ 'മഹാകവി കാളിദാസൻ' എന്ന കഥയും അവതരിപ്പിക്കും. കഥാപ്രസംഗ കല അവതരണവും ആസ്വാദനവും വിഷയത്തിൽ ശനിയാഴ്ച ശിൽപശാല നടന്നു. അവതരണത്തിലെ വിവിധ ശൈലികളെക്കുറിച്ച് ഡോ. വസന്തകുമാർ സാംബശിവനും കഥാപ്രസംഗത്തിൽ കവിതകളുടെ പ്രാധാന്യത്തെക്കുറിച്ച് കടയ്ക്കോട് വിശ്വംഭരനും കഥാപ്രസംഗത്തിലെ സംഗീതം, നാടൻപാട്ട്, ലളിത സംഗീതം എന്നിവയെക്കുറിച്ച് പ്രഫ. വി. ഹർഷകുമാറും ക്ലാസെടുത്തു. കഥാപ്രസംഗവേദിയിൽ 57 വർഷം പൂർത്തിയാക്കിയ കാഥികൻ വി. ഹർഷകുമാറിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആദരിച്ചു. ഹർഷകുമാർ പതിനായിരത്തിലേറെ വേദികൾ പിന്നിട്ടു. 56 കഥകളാണ് ഇതുവരെ അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.