ഡോക്ടര്‍ ചമഞ്ഞ് കോടികള്‍ തട്ടിയ യുവതി റിമാന്‍ഡില്‍

തിരുവനന്തപുരം: ഡോക്ടറാണെന്ന് പരിചയപ്പെടുത്തി 1.25കോടി രൂപ തട്ടിയ യുവതി റിമാന്‍ഡില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല ഇബി മന്‍സിലില്‍ നിയ എന്ന ഇബി ഇബ്രാഹിമിനെയാണ് (30) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. എം.ബി.ബി.എസ് ബിരുദധാരിയാണെന്നും കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ഡോക്ടറാണെന്നും ആശുപത്രി തുടങ്ങാന്‍ പതിനൊന്ന് കോടി രൂപ ചെലവ് വരുമെന്നും ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നും സ്ഥാപനത്തിന്‍െറ ഡയറക്ടര്‍മാരില്‍ ഒരാളാക്കാമെന്നും പറഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. സിറ്റി സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും വിവിധ കമ്പനികളുടെ നിരവധി സിം കാര്‍ഡുകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ സഹായികളായ മറ്റ് നാലുപേരെ നേരത്തേ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.ഇവര്‍ക്കെതിരെ കോട്ടയം ഗാന്ധിനഗര്‍, കൊല്ലം ഈസ്റ്റ്, ചാത്തന്നൂര്‍, വഞ്ചിയൂര്‍, പൊലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം എ.സി വി. സുരേഷ്കുമാര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി പ്രമോദ്കുമാര്‍, മെഡിക്കല്‍ കോളജ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ സി. ബിനുകുമാര്‍, എസ്.ഐ ബിജോയ്, എസ്.സി.പി.ഒ ജയശങ്കര്‍, സി.പി.ഒ അനില്‍, വനിത സി.പി.ഒ അശ്വതി, സിറ്റി ഷാഡോ ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.