ജനമൈത്രി സ്റ്റേഷനില്‍ ആവശ്യത്തിന് വനിതാപൊലീസ് ഇല്ല

പൂന്തുറ: ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് വനിതാ പൊലീസുകാര്‍ ഇല്ലാത്തത് കാരണം പരാതികളുമായി എത്തുന്ന സ്ത്രീകളും കുട്ടികളും വലയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ കൈകാര്യം ചെയ്യാന്‍ സ്ഥാപിച്ച വനിതാ ഹെല്‍പ് ഡെസ്ക് നോക്കുകുത്തിയായതായും ആരോപണം. തീരദേശമേഖലയായ പൂന്തുറ പൊലീസ് സ്റ്റേഷനിലാണ് വനിതാ പൊലീസുകാര്‍ ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാവുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ എറ്റവും കൂടുതല്‍ അക്രമം നടക്കുന്നതായി പരാതികള്‍ ലഭിക്കുന്ന സ്റ്റേഷനാണിത്. സ്റ്റേഷന്‍െറ ഘടന അനുസരിച്ച് ഒരു എസ്.ഐ ഉള്‍പ്പെടെ അഞ്ച് വനിതാ പൊലീസുകാര്‍ അവശ്യമുള്ള സ്റ്റേഷനില്‍ ആകെയുള്ളത് ഒരാള്‍ മാത്രമാണ്. ഇവര്‍ക്കാണെങ്കില്‍ സ്റ്റേഷനില്‍ ഇരിക്കാനുള്ള സമയം പോലും കിട്ടുന്നില്ല. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്റ്റേഷന്‍ പരിധിയിലെ സ്കൂളില്‍നിന്ന് സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുമാരായി 80ല്‍ അധികം കുട്ടികള്‍ ഉണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതും ഇവരെ പരേഡുകള്‍ക്ക് പുറത്തുകൊണ്ട് പോകേണ്ടതും പൊലീസുകാരുടെ ഡ്യൂട്ടിയാണ്. ഇതിനുപുറമെ സ്റ്റേഷനില്‍ പിടിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് കാവല്‍ നില്‍ക്കേണ്ടതും കോടതിയില്‍ ഹാജരാക്കേണ്ടതും ഇവരാണ്. വനിതകള്‍ ഇല്ലാത്തതിനാല്‍ പലപ്പേഴും സ്ത്രീതടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കാവല്‍ പോകുന്നത് പുരുഷപൊലീസുകാരാണ്. സ്ത്രീകളില്‍നിന്ന് കൂടുതല്‍ പരാതികള്‍ എത്താന്‍ തുടങ്ങിയതോടെ സ്റ്റേഷനില്‍ പ്രത്യേകമായി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. എന്നാല്‍ ഇവിടെയും സേവനത്തിന് വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടില്ല. ഇതുകാരണം സ്റ്റേഷന്‍ എസ്.എച്ച്.ഒയാണ് സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നത്. പൂന്തുറ സ്റ്റേഷനെ ജനമൈത്രി സ്റ്റേഷനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കഴിഞ്ഞ ആഭ്യന്തരമന്ത്രി സ്റ്റേഷനില്‍ കൂടുതല്‍ വനിതാ പൊലീസുകരെ നിയോഗിക്കുമെന്നും സ്റ്റേഷന് ജീപ്പ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സ്റ്റേഷനില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ളെന്നും ആരോപണമുണ്ട്. ആവശ്യത്തിന് ജീപ്പില്ലാത്തതും പൊലീസുകാരുടെ എണ്ണത്തിലെ കുറവും പ്രതിസന്ധിതീര്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.