ബാലരാമപുരം ഗവ. എച്ച്.എസ്.എസിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കും

തിരുവനന്തപുരം: പുതിയ അംഗങ്ങളുടെ ആകാംക്ഷയും കൗതുകവും നിറഞ്ഞുനിന്ന ജില്ലാ പഞ്ചായത്തിന്‍െറ പ്രഥമയോഗം വലിയ അജണ്ടകളോ ചൂടേറിയ ചര്‍ച്ചകളോ ഇല്ലാതെ തീരുമാനങ്ങളെടുത്ത് പിരിഞ്ഞു. ആദ്യയോഗമായിട്ടുകൂടി ചിലര്‍ യോഗം അവസാനിക്കാറായപ്പോഴാണ് ഹാജരായത്. പരസ്പരം പരിചയപ്പെടാനും സൗഹൃദം പങ്കിടാനും പ്രഥമയോഗം വേദിയായി. മുടി മുറിക്കപ്പെട്ട് ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മുരുക്കുംപുഴ ഡിവിഷനിലെ എസ്. കവിത ഒഴികെ 25 അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ബാലരാമപുരം ഗവ. എച്ച്.എസ്.എസിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചു. സ്കൂളിലുണ്ടായ പൊലീസ് അതിക്രമത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ള സിനിമാറ്റിക് ഡാന്‍സ് സ്കൂളില്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചതാണ് പ്രിന്‍സിപ്പലിനെ പ്രകോപിപ്പിച്ചത്. എന്നാല്‍, പൊലീസ് നടപടി ന്യായീകരിക്കാന്‍ കഴിയില്ളെന്ന് പ്രസിഡന്‍റ് വി.കെ. മധു പറഞ്ഞു. സ്കൂളില്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട് നാലിന് സര്‍വകക്ഷിയോഗം ചേരാനും തീരുമാനിച്ചു. ജില്ലാ കേരളോത്സവം ഡിസംബര്‍ 12, 13, 14 തീയതികളില്‍ പാറശ്ശാല നടത്തും. അവശേഷിക്കുന്ന ബ്ളോക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലെ കേരളോത്സവങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഡിസംബര്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ യോഗം ചേരും. അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വീനര്‍ വര്‍ക് എന്ന നിലയില്‍ നല്‍കിവന്നിരുന്ന അനുമതി നിര്‍ത്തലാക്കി. അഞ്ചുലക്ഷം വരെയും അതിന് പുറത്തുമുള്ള എല്ലാ പണികള്‍ക്കും ടെന്‍ഡര്‍ വഴി മാത്രമേ അനുമതി നല്‍കൂ. ജില്ലാ പഞ്ചായത്തിന് കീഴില്‍വരുന്ന എല്ലാ ആശുപത്രികളിലെയും മാനേജ്മെന്‍റ് കമ്മിറ്റികള്‍ പുന$സംഘടിപ്പിക്കും. കഴിഞ്ഞ ഭരണസമിതി അനുമതി നല്‍കി അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന നിര്‍മാണങ്ങള്‍ മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കാനും നിര്‍ദേശംനല്‍കി. പള്ളിക്കല്‍, മൂതല, താഴെഭാഗം, പള്ളി റോഡ്, നാവായിക്കുളം, ചിറ്റായിക്കേട് കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, കടമ്പാട്ടുകോണം വെട്ടിയറ ഇലങ്കം റോഡ്, ഒറ്റൂര്‍ പ്രസിഡന്‍റ് ജങ്ഷന്‍- വൈ.എം.എ പോങ്ങരകുളം കാവുവിള റോഡ്, പുല്ലമ്പാറ പഞ്ചായത്തിലെ ചെപ്പിലോട് പാലത്തിന് സംരക്ഷണഭിത്തി നിര്‍മാണം എന്നീ പ്രോജക്ടുകളുടെ റിവൈസ്ഡ് എസ്റ്റിമേറ്റും യോഗം അംഗീകരിച്ചു. ധനുവെച്ചപുരം എന്‍.കെ.എം.എച്ച്.എസ്.എസിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന കെട്ടിടത്തിന്‍െറയും ഓടിട്ട കെട്ടിടത്തിന്‍െറയും അറ്റകുറ്റപ്പണിക്കും അനുമതി നല്‍കി. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ അംഗങ്ങളായ ആനാട് ജയന്‍, അന്‍സജിത റസല്‍, അഡ്വ. എസ്.കെ. പ്രീജ, അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, വൈസ് പ്രസിഡന്‍റ് അഡ്വ. ഷൈലജ, സെക്രട്ടറി കെ. ചന്ദ്രശേഖരന്‍നായര്‍ എന്നവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് മറുപടി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.