ഗവ.എൻജിനീയറിങ് കോളജ് ഹോസ്​റ്റലിൽ പെട്രോൾ ബോംബും മാരകായുധങ്ങളും

തൃശൂർ: വിയ്യൂർ ഗവ. എൻജിനീയറിങ് കോളജിലെ ഹോസ്റ്റലിൽനിന്നും പെട്രോൾ ബോംബും മാരകായുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് പൊലീസും കോളജ് അധികൃതരും ഹോസ്റ്റലുകളിൽ നടത്തിയ പരിശോധനയിലാണ് പെട്രോൾ നിറച്ച് തിരിയിട്ട് പൊട്ടിക്കാൻ കഴിയുന്ന വിധത്തിലുള്ള മൂന്ന് ചില്ല് കുപ്പികളും മാരകായുധങ്ങളും 50 ഒഴിഞ്ഞ മദ്യക്കുപ്പികളും പിടിച്ചെടുത്തത്. 'ബി' ബ്ലോക്കിലെ 27 ാം നമ്പർ മുറിയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. വിയ്യൂർ അഡീഷനൽ എസ്.ഐ അനന്ത​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വസ്തുക്കൾ കസ്റ്റഡിയിലെടുത്ത് മുറി സീൽ ചെയ്തു. മനുഷ്യ ജീവൻ അപായപ്പെടുത്താൻ ലക്ഷ്യമിട്ട് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചുവെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണവുമാരംഭിച്ചു. തിങ്കളാഴ്ച കോളജിലെ ആർകിടെക്റ്റ് വിഭാഗത്തിൽ നിന്ന് ആരംഭിച്ച സംഘർഷമാണ് വൈകീട്ട് ഹോസ്റ്റലിലുമെത്തിയത്. കോളജ് യൂനിയൻ ജനറൽ സെക്രട്ടറി ജിത്തു, സിവിൽ വിഭാഗം നാലാം വർഷ വിദ്യാർഥി ഗൗരി ശങ്കർ എന്നിവർക്കാണ് സംഘർഷത്തിൽ സാരമായ പരിക്കേറ്റത്. ഇരുവിഭാഗത്തി​െൻറയും പരാതിയെ തുടർന്ന് കണ്ടാലറിയാവുന്ന ഏഴുവീതം വിദ്യാർഥികളെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. സംഘർഷത്തെത്തുടർന്ന് ഹോസ്റ്റലിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നുവെങ്കിലും രാത്രിയോടെ കാവൽ അവസാനിപ്പിച്ച് മടങ്ങി. ഈ സമയത്ത് ഹോസ്റ്റൽ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന നാലാം വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർഥിയായ ഷാരോണി​െൻറ കാർ തകർത്തു. വിദ്യാർഥികൾ ചേരികളായി തിരിഞ്ഞ് മാസങ്ങൾക്കു മുമ്പ് നടന്ന സംഘട്ടനത്തി​െൻറ തുടർച്ചയായാണ് കോളജിൽ സംഘർഷം തുടരുന്നത്. ഹോസ്റ്റൽ മുറിയിൽ സ്ഫോടകവസ്തുക്കളും മദ്യക്കുപ്പികളും കണ്ടെത്തിയതിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.