ചെന്ത്രാപ്പിന്നി സ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ ഇരട്ടക്കൂട്ടം എട്ട്!

ചെന്ത്രാപ്പിന്നി: അവര്‍ എട്ടു ജോഡി ഇരട്ടകളാണ്. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി ഹൈസ്കൂളി​െൻറ അഭിമാനങ്ങള്‍. ഒരേ സ്കൂളി​െൻറ ചുവരുകള്‍ക്കുള്ളില്‍ കളിച്ചും പഠിച്ചും മുന്നേറിയവര്‍. ഈ വരുന്ന എസ്.എസ്.എല്‍.സി പരീക്ഷ പതിനാറുപേരും ഒന്നിച്ചാണ് എഴുതുക. വല്ലപ്പോഴും സംഭവിക്കുന്ന ഈ അപൂര്‍വത ചെന്ത്രാപ്പിന്നി സ്കൂളിനെ ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സ്കൂളുകളില്‍ ഒന്നാണിത്. വലപ്പാട് ഉപജില്ലയില്‍ ഒന്നാം സ്ഥാനത്തും. പരീക്ഷയെഴുതുന്ന 334 കുട്ടികളില്‍ എട്ടു ജോഡി ഈ ഇരട്ടകളാണ്. ഒമ്പത് പെണ്‍കുട്ടികളും ഏഴ് ആണ്‍കുട്ടികളും. ഇരട്ടക്കൂട്ടത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഈ സ്കൂളില്‍ പഠിക്കുന്നവരും യു.പിയിലും ഹൈസ്കൂളിലുമായി വന്ന് ചേര്‍ന്നവരും ഉണ്ട്. എന്തായാലും 2018ലെ പത്താംക്ലാസ് പരീക്ഷയുടെ ചരിത്രത്തിലേക്ക് ദൈവ നിയോഗം പോലെ അവര്‍ വന്ന് ചേരുകയായിരുന്നു. മൂന്നുപീടിക സ്വദേശി ധര്‍മരാജന്‍,-ശ്രീബ ദമ്പതികളുടെ മക്കളാണ് ധന്യയും ദിവ്യയും. സ്കൂള്‍ വോളിബാള്‍ ടീമിലെ നമ്പര്‍വണ്‍ കളിക്കാരാണ്. രൂപത്തില്‍ അസാമാന്യ സാദൃശ്യമുള്ള ഇവര്‍, മിക്കപ്പോഴും കളിക്കളത്തില്‍ മറ്റുള്ളവരെ കുഴപ്പിക്കും. മികച്ച കളിക്കാരിയായതിനാല്‍ ദിവ്യക്ക് തിരുവനന്തപുരത്തെ 'സായ്' കേന്ദ്രത്തില്‍ പരിശീലനത്തിന് സെലക്ഷന്‍ കിട്ടിയിരുന്നു. ഇരട്ടകളില്‍ വേറിട്ട്‌ നില്‍ക്കുന്നത് രുക്സാനയും ആസിഫുമാണ്‌. മറ്റുള്ളവരൊക്കെ പെണ്‍ജോഡിയോ ആണ്‍ജോഡിയോ ആണ്. ചൂലൂര്‍ സ്വദേശി കുറവന്‍കാട്ടില്‍ റഫീഖ്-,മുംതാസ് ദമ്പതികളുടെ മക്കളാണ് ഇരുവരും. കയ്പമംഗലം ഗ്രാമലക്ഷ്മി ചിറയത്ത് അനില്‍കുമാറി​െൻറയും അനിതയുടെയും മക്കളാണ് അമാനികയും അവന്തികയും. പഠിത്തത്തില്‍ മുന്തി നില്‍ക്കുന്ന ഇരുവരും ചെറുപ്പം തൊട്ടേ ക്ലാസിലെ ഒന്ന്‍, രണ്ട് സ്ഥാനങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കാറില്ലെന്ന് അമ്മ പറയുന്നു. ചെന്ത്രാപ്പിന്നി സ്വദേശി അബ്ദുല്‍കരീം,ഷക്കീല എന്നിവരുടെ മക്കളായ സജനയും ഷബനയും, കയ്പമംഗലം കാളമുറി പടിഞ്ഞാറ് തോട്ടുപറമ്പത്ത് നൗഷാദ്, സാജിദ ദമ്പതികളുടെ മക്കളായ അസീബും അസ്ലമും, കാട്ടൂര്‍ കുന്നത്ത് പ്രകാശ്, സിമി എന്നിവരുടെ മക്കളായ സുമിത്തും സുഷ്മിത്തും, കയ്പമംഗലം തോട്ടുപറമ്പത്ത് നൗഷാദ്, സുലൈഖ എന്നിവരുടെ മക്കളായ സുഹൈലും ഷുഹൈബും, ചെന്ത്രാപ്പിന്നി മടത്തിക്കുളം കോലുംതറ വീട്ടില്‍ സജിതന്‍, സഞ്ചു ദമ്പതികളുടെ മക്കളായ അഭിരാമിയും ആതിരയും ഈ ഇരട്ടക്കൂട്ടത്തില്‍ കണ്ണികളാവുന്നു. 15 വര്‍ഷമായി പത്താം ക്ലാസുകാര്‍ക്ക് രാത്രി ക്ലാസുകള്‍ ഏര്‍പ്പെടുത്തി മികച്ച വിജയം സ്വന്തമാക്കുന്ന സ്കൂളില്‍ ഇരട്ടകള്‍ക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. ഇരട്ടക്കൂട്ടത്തിനൊപ്പം പത്താം ക്ലാസില്‍ മികച്ച വിജയത്തിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.