കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം

തൃശൂര്‍: കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷത്തി​െൻറ നടുത്തളത്തിലിറങ്ങി പ്രതിഷേധം. ഇതിനിടയിലും അജണ്ടയിന്മേൽ ഭരണപക്ഷം ചർച്ച നടത്തിയപ്പോൾ ബി.ജെ.പി മൗനം പാലിച്ചു. മേയര്‍ രാജിവെക്കുക, ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. അജണ്ട വായിക്കാന്‍ ഭരണകക്ഷിയംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തടസ്സപ്പെടുത്തി. പിന്നീട് ഭരണകക്ഷിയംഗങ്ങള്‍ പ്രസംഗം നടത്തിയാണ് മുദ്രാവാക്യം വിളികളെ നേരിട്ടത്. ബി.ജെ.പി അംഗങ്ങള്‍ എല്ലാം 'ആസ്വദിച്ച്' നിശ്ശബ്ദരായി സീറ്റിലിരുന്നു. ഒരു മണിക്കൂറോളം മുദ്രാവാക്യം വിളിതുടര്‍ന്നതോടെ ഭരണകക്ഷിയംഗങ്ങള്‍ ക്ലര്‍ക്കിനെ നടുത്തളത്തിലെത്തിച്ച് സംരക്ഷണം നല്‍കി അജണ്ടയുടെ നമ്പര്‍ വായിപ്പിക്കുകയും 31 വിഷയങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിച്ച് മേയര്‍ ബെല്ലടിച്ച് യോഗം പിരിച്ചു വിടുകയും ചെയ്തു. യോഗം പിരിച്ചുവിട്ടതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രകടനവുമായി കോര്‍പറേഷന്‍ ഓഫിസി​െൻറ മുന്നിലെത്തി പ്രതിഷേധം പ്രകടിപ്പിച്ചു. ചര്‍ച്ച കൂടാതെ അജണ്ട പാസാക്കിയതിനെതിരെ വിയോജനക്കുറിപ്പ് നല്‍കുമെന്ന് ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി നടന്നിരുന്നു. ഭരണപക്ഷ അംഗങ്ങളുടെ അഴിമതിക്കെതിരെ ബി.ജെ.പി അംഗങ്ങളും വ്യാജ മിനുട്സി​െൻറ പേരില്‍ കോണ്‍ഗ്രസ് അംഗങ്ങളും നടുത്തളത്തിലിറങ്ങി ബഹളം െവച്ചു. അജണ്ടയെല്ലാം പാസായെന്ന് പ്രഖ്യാപിച്ച് മേയര്‍ സ്ഥലം വിടാനൊരുങ്ങിയപ്പോള്‍ തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അംഗങ്ങളെ ഭരണപക്ഷാംഗങ്ങള്‍ ബലപ്രയോഗത്തിലൂടെ നീക്കിയാണ് മേയറെ കൗണ്‍സില്‍ ഹാളില്‍നിന്ന് പുറത്തിറക്കിയത്. പരിക്കേറ്റ കോണ്‍ഗ്രസ് അംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ഭരണപക്ഷ അംഗങ്ങള്‍ക്കെതിരേ കേസെടുക്കേണ്ട അവസ്ഥയായി. രാത്രി പത്തോടെ മേയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദനും ഉപനേതാവ് ജോണ്‍ ഡാനിയേലും നടത്തിയ പ്രസംഗത്തിനു ശേഷമാണ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി ഇന്നലെ യോഗം തടസ്സപ്പെടുത്തിയത്. ഇതിനെതിരെ പ്രതികരിക്കാന്‍ മൈക്കുമായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം.എല്‍. റോസി പ്രതിപക്ഷത്തി​െൻറ അടുത്തേക്ക് പാഞ്ഞടുക്കാനൊരുങ്ങിയെങ്കിലും മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഇടപെട്ട് അവരെ സീറ്റിലേക്ക് മടക്കി വിട്ടതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവായി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷ പശ്ചാത്തലത്തില്‍ കരുതലോടെയായിരുന്നു ഭരണപക്ഷം. ആരും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാതെ എല്ലാം കണ്ടിരുന്നു. മുദ്രാവാക്യം വിളി തുടരുമ്പോള്‍ ഭരണപക്ഷം ചർച്ച തുടര്‍ന്നു. 11 കെ.വി.സബ് സ്റ്റേഷനും, ലാലൂര്‍ സ്റ്റേഡിയം വികസനത്തിനുമെതിരെ പരാതി നല്‍കിയ മുന്‍ കൗണ്‍സിലര്‍ സ്മിനി ഷിജോ നല്‍കിയ കത്തി​െൻറ അടിസ്ഥാനത്തില്‍ ചര്‍ച്ചക്ക് െവച്ച വിഷയത്തെക്കുറിച്ചായിരുന്നു ചർച്ച. വികസനം അട്ടിമറിക്കാനാണ് പ്രതിപക്ഷത്തി​െൻറ സമരമെന്ന് അനൂപ് ഡേവീസ് കാട ആരോപിച്ചു. പ്രേമകുമാരന്‍, പി.സുകുമാരന്‍, ഇ.ഡി.ജോണി, ഗ്രീഷ്മ അജയഘോഷ്, സതീഷ് ചന്ദ്രന്‍, രാമദാസ് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.