സംരക്ഷിക്കണോ പൊളിക്കണോ? തകർന്ന് വീണ കൊച്ചിൻ പാലത്തെ ചൊല്ലി തർക്കം

ചെറുതുരുത്തി: ഭാരതപ്പുഴ തെക്കും വടക്കുമായി വിഭജിച്ച കേരളത്തെ ഒന്നാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച് പഴയ കൊച്ചിൻ പാലം പൊളിക്കണോ ചരിത്ര സ്മാരകമായി സംരക്ഷിക്കണമോ? പുഴയിൽ തകർന്ന് കിടക്കുന്ന പഴയ കൊച്ചിൻ പാലത്തെ ചൊല്ലി ഒരു തർക്കം. പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട് ചെറുതുരുത്തി പുരാവസ്തു സംരക്ഷണ സമിതിയും പൊളിച്ച് നീക്കണമെന്ന ആവശ്യമുന്നയിച്ച് പരിസ്ഥിതി പ്രവർത്തകരും നദീസംരക്ഷണ സമിതിയും രംഗത്തെത്തിയതോടെ വിസ്മൃതമായ പാലത്തി​െൻറ ചരിത്രപ്രാധാന്യവും പ്രസക്തിയും ചർച്ചയാകുന്നു. തകർന്ന പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുഴയിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് കെ.ജി. ചന്ദ്രശേഖരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അതേസമയം പാലം അടിയന്തരമായി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ചെറുതുരുത്തിയിലെ നദീസംരക്ഷണ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. തടയണ യാഥാർഥ്യമാകുമ്പോൾ പുഴയിൽ വെള്ളം നിറയുകയും അവശേഷിക്കുന്ന തൂണുകൾ തകർന്ന് വീഴുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്ക രേഖപ്പെടുത്തി. പുഴയുടെ നീരൊഴുക്ക് തന്നെ തടസ്സപ്പെടും. പുഴ ഗതിമാറി ഒഴുകുമെന്നും ഇവർ പറയുന്നു. പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. 1902ൽ കൊച്ചി രാജാവായിരുന്ന രാമവർമയുടെ ശ്രമഫലമായി കൊച്ചിൻ പാലം നിർമിച്ചത്. പുതിയ പാലം നിർമിച്ചപ്പോൾ പഴയ പാലത്തിൽ ഗതാഗതം നിരോധിച്ച് ടൂറിസത്തി​െൻറ ഭാഗമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അധികൃതർ ഫയലിന് മുകളിൽ കിടന്നുറങ്ങിയതോടെ 2011 നവംബറിൽ മധ്യഭാഗത്തെ സ്പാൻ തകർന്ന് പാലം പുഴയിലേക്ക് വീണു. ഏഴ് വർഷം പിന്നിട്ടിട്ടും ഇത് സംരക്ഷിക്കാൻ നടപടി ഉണ്ടായില്ല. അടുത്ത കാലത്ത് പാലം പൊളിച്ച് നീക്കാൻ ശ്രമം നടന്നെങ്കിലും ജനകീയ ഇടപെടലുകളെ തുടർന്ന് ഉപേക്ഷിച്ചു. ചെറുതുരുത്തി --ഷൊർണൂർ തടയണ നിർമാണം പൂർത്തിയായാൽ പ്രദേശത്ത് ജലനിരപ്പ് ഉയരുകയും പുനർ നിർമാണം സ്തംഭിക്കുകയും ചെയ്യും. അതുകൊണ്ട് സംരക്ഷണത്തിനും പുനർ നിർമാണത്തിനും അടിയന്തര നടപടി വേണമെന്നു പുരാവസ്തു സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. കേരളത്തി​െൻറ വികസനത്തിനും കൊച്ചി- മലബാർ ഐക്യത്തിനും സുപ്രധാന പങ്കുവഹിച്ച കേരളത്തിലെ അപൂർവമായ റെയിൽ - റോഡ് സംവിധാനം ഉണ്ടായിരുന്ന പാലത്തി​െൻറ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പഴയ കൊച്ചിൻ പാലത്തി​െൻറ ചരിത്ര പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് സെമിനാർ. വൈകീട്ട് നാലിന് നടക്കുന്ന സെമിനാർ ചരിത്ര ഗവേഷകനും ഫോട്ടോഗ്രാഫറുമായ ഡോ. രാജൻ ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ , ഷൊർണൂർ നഗരസഭ വൈസ് ചെയർമാൻ ആർ. സുനു തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ കെ.ടി. രാമചന്ദ്രൻ മാസ്റ്റർ, കെ.പി. ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു. പടം പുഴ നിറഞ്ഞൊഴുകിയാൽ പാലം ഇങ്ങനെയാകും - നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് വീണ് കിടക്കുന്ന പഴയ കൊച്ചി പാലം (ഫയൽ ചിത്രം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.