യു.ഡി.എഫ്​ സ്വതന്ത്രരെ കൂടെച്ചേർത്ത്​ കോർപറേഷനിൽ അടവു നയത്തിന്​ സി.പി.എം

തൃശൂർ: മുന്നണി ധാരണയനുസരിച്ച് ഡെപ്യൂട്ടി മേയർ പദവി സി.പി.െഎക്ക് നൽകാനുള്ള സമയം അടുത്തിരിക്കെ, കോർപറേഷനിൽ യു.ഡി.എഫ് സ്വതന്ത്രരെ കൂടെക്കൂട്ടാൻ സി.പി.എം നീക്കം. ഇതു സംബന്ധിച്ച് ചർച്ച മുന്നേറുകയാണ്. യു.ഡി.എഫ് സ്വതന്ത്രർ അർധസമ്മതം മൂളിയതായാണ് വിവരം. സ്വതന്ത്രരിൽ ഒരാൾക്ക് ഡെപ്യൂട്ടി മേയർ പദവിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നീക്കം ഫലിച്ചാൽ സി.പി.െഎക്ക് ഡെപ്യൂട്ടി മേയർ പദവിയിൽ എത്താനാവില്ല. അവരെ ആശ്വസിപ്പിക്കാൻ സി.പി.െഎ സ്വതന്ത്രൻ എന്ന മട്ടിൽ യു.ഡി.എഫിൽനിന്ന് വരുന്നയാളെ ഡെപ്യൂട്ടി മേയർ പദവിയിൽ ഇരുത്താനാണ് ആലോചന. ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നാണ് സി.പി.എം പുറമേക്ക് പറയുന്നത്. നവംബർ 18നാണ് സി.പി.എമ്മി​െൻറ പ്രതിനിധിയായ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി ഒഴിയേണ്ടത്. മഹിള വിഭാഗം നേതാവായ അജിത വിജയനെയാണ് സി.പി.െഎ ആ സ്ഥാനത്തേക്ക് കണ്ടിരിക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാതെയാണ് ഇടതുമുന്നണിയുടെ കോർപറേഷൻ ഭരണം. ഭരണപക്ഷത്തിനകത്ത് ഉയരുന്ന പൊട്ടലും ചീറ്റലും കൂടാതെ പ്രതിപക്ഷത്തി​െൻറ അവിശ്വാസ ഭീഷണിയും കൂടെയുണ്ട്. ഇത്തരം ഭീഷണികൾ ഒഴിവാക്കാൻ കൂടി യു.ഡി.എഫി​െൻറ രണ്ട് സ്വതന്ത്രരെ കൂടെക്കൂട്ടുന്നത് സഹായിക്കുമെന്നാണ് സി.പി.എമ്മി​െൻറ കണക്കു കൂട്ടൽ. മേയർ പദവിയിൽ വെച്ചുമാറ്റമില്ല. ഡെപ്യൂട്ടി മേയർ സി.പി.െഎയുടെ ക്രെഡിറ്റിലാണെന്ന് വരുത്തിത്തീർത്ത് അവരെ ആശ്വസിപ്പിക്കാം. അതേസമയം, സി.പി.എമ്മിന് നിയന്ത്രിക്കുകയുമാവാം, ഇതിനാണ് ശ്രമം. കോർപേറഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ആദ്യ രണ്ടു വർഷവും അവസാനത്തെ രണ്ടു വർഷവും സി.പി.എമ്മിനും ഇടക്കുള്ള ഒരു വർഷം സി.പി.െഎക്കും എന്നാണ് ധാരണ. കോർപറേഷനിലെ നീക്കം ഫലിച്ചാൽ ഒന്നോ രണ്ടോ വർഷത്തേക്ക് യു.ഡി.എഫ് സ്വതന്ത്രനെ ഡെപ്യൂട്ടി മേയർ പദവിയിൽ തുടരാൻ അനുവദിക്കുകയും അവസാന വർഷം സി.പി.എം ഏറ്റെടുക്കുകയും ചെയ്യും. അവിശ്വാസ ശ്രമങ്ങളെ അതിജീവിച്ച് ഭരണം നിലനിർത്താനുള്ള ഇൗ നീക്കത്തെ സി.പി.െഎ എതിർക്കില്ലെന്നാണ് സി.പി.എമ്മി​െൻറ പ്രതീക്ഷ. ജില്ല പഞ്ചായത്തിലും ഇതേ സമയത്ത് പദവികൾ വെച്ചു മാറുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.