ഭിന്നതകളെ നിലനിര്‍ത്തുന്നതാണ് ജനാധിപത്യം: സുനിൽ പി.ഇളയിടം

തൃശൂർ: സെമിനാറുകളില്‍ ഒന്നിച്ചിരുന്നതുകൊണ്ടുമാത്രം ജാതീയ അസമത്വം പരിഹരിക്കാനാവില്ലെന്ന് ഡോ. സുനിൽ പി.ഇളയിടം. ജാതീയമായ അസമത്വം സാമ്പത്തിക അസമത്വത്തിന് സമാനമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിലും ആദിവാസി, ദലിത് മേഖലകളില്‍ ഇത് പ്രകടമാണെന്നും അവിടെ ശ്രീനാരായണ ഗുരു പറഞ്ഞ ആശയം മുന്‍നിര്‍ത്തി പ്രയോഗമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹിസ്റ്ററിക്കല്‍ റിസര്‍ച് സൊസൈറ്റി സംഘടിപ്പിച്ച 'കേരളം: അഞ്ച് നൂറ്റാണ്ടുകളിലൂടെ' സെമിനാറില്‍ 'വ്യക്തിസ്വത്വ പരിണാമവും ആധുനിക കേരളവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരഹിംസയല്ല, അപരത്വത്തെ സ്വാംശീകരിക്കുകയാണ് വേണ്ടത്. ഭിന്നതകളെ നിലനിര്‍ത്തുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ സാധുജന സംഖ്യം മര്‍ദിത ജനവിഭാഗങ്ങളുടെ പ്രതീകമാണ്. ജാതിയെ തകര്‍ക്കാതെ ആധുനിക സ്വത്ത് പുനഃസ്ഥാപനം സാധിക്കില്ല. യു.പിയില്‍ 64 ശതമാനമാണ് ശിശുമരണനിരക്ക്. കേരളത്തില്‍ അത് ആറ് ശതമാനമാണ്. ആദിവാസി മേഖലകളിലും ഇത് പ്രകടമാണ്. എന്നാല്‍ യു.പി കണ്ട് പഠിക്കണമെന്നാണ് യോഗി പറയുന്നത്. ഇത് വിരോധാഭാസമാണ്. കൊളോണിയല്‍ കാലഘട്ടത്തിലെ സ്ത്രീകളുടെ പദവിയിലെ മാറ്റങ്ങള്‍ എന്ന വിഷയം കാലടി സര്‍വകലാശാലയിലെ ഡോ. കെ.എം. ഷീബ, കേരളത്തിലെ കാര്‍ഷിക സംസ്കൃതിയിലെ മാറ്റങ്ങള്‍ ഡോ. ഗീതക്കുട്ടി, കേരളം ഇന്നലെ ഇന്ന് ഡോ. അലക്സാണ്ടര്‍ ജേക്കബ്, ചിത്രശില്‍പ കേരളം: പൈതൃകങ്ങള്‍ പുതുമകള്‍ കെ.കെ. മാരാര്‍, കേരളത്തിലെ ജാതിവ്യവസ്ഥയിലെ വ്യതിയാനങ്ങള്‍ ഡോ. കെ.എസ്. മാധവന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഡോ. പി.രഞ്ജിത്ത്, ഡോ. എന്‍.ജെ. ഫ്രാന്‍സിസ് എന്നിവര്‍ മോഡറേറ്ററായി. ഡോ. പീറ്റര്‍ എം. രാജ്, സി.കെ. സുജിത്കുമാര്‍, സി. കുമാരന്‍, എം.പി. നിഷാദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.