തൃശൂർ: സി.പി.എം നിയന്ത്രണത്തിലുള്ള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് അപമര്യാദയായി പെരുമാറിയെന്ന് വനിത സി.പി.ഒയുടെ പരാതി. റെയിൽവേ എസ്.പിക്ക് നൽകിയ പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സി.പി.എം നേതാക്കൾക്കും അയച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയെന റെയിൽവേ എസ്.പി മാറ്റി. തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ചിലേക്ക് തനിക്ക് നിയമനം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. വനിത സി.പി.ഒ ഇയാൾക്കെതിരെ നൽകുന്ന മൂന്നാമത്തെ പരാതിയിലാണ്, റെയിൽവേ എസ്.ഐ ആയിരുന്ന ഇയാൾക്കെതിരെ നടപടിയെടുക്കുന്നത്. സി.ഐ റാങ്കിലുള്ളവരുടേതടക്കം നേരത്തെ നിരവധി പരാതികൾ ഇയാൾക്കെതിരെ ഉണ്ടത്രെ. കീഴ്ജീവനക്കാർക്കെതിരെയും വിരോധമുള്ളവർക്കെതിരെയും അനാവശ്യ റിപ്പോർട്ട് നൽകുകയും സംഘടന നേതാെവന്ന നിലയിൽ പ്രതികാരനടപടി കൈക്കൊള്ളുകയും ചെയ്യുന്നുവെന്ന ആക്ഷേപമുണ്ട്. മാസങ്ങൾക്കുമുമ്പ് ശക്തൻ നഗർ കണ്ണംകുളങ്ങര റോഡ് വികസനവുമായി ബന്ധപ്പെട്ട് കൗൺസിലറോട് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. നടപടിക്ക് കോർപറേഷൻ കൗൺസിൽ പ്രമേയം പാസാക്കി സർക്കാറിന് അയച്ചെങ്കിലും ഒന്നുമുണ്ടായില്ല. വനിത സി.പി.ഒ നൽകിയ പരാതി ആദ്യം മുങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിക്ക് നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.