കൗമാരോത്സവത്തിന് മണിമുഴങ്ങി

ചാലക്കുടി: വന്യതയുടെ നിഗൂഢത, മുടിമെടഞ്ഞിട്ട സുന്ദരി...കാഴ്ചക്കാരെ അനുഭവത്തി​െൻറ പല ലോകത്തെത്തിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അധികം ദൂരെയല്ലാതെ ചാലക്കുടിയിൽ മറ്റൊരു കാഴ്ച വസന്തത്തിന് തിരിതെളിഞ്ഞു. ജില്ല കലോത്സവത്തിൽ കൗമാരപ്രതിഭകൾ മാറ്റുരക്കുന്ന മൂന്ന് ദിനരാത്രങ്ങൾ. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഇത്തവണ കലോത്സവം പുരോഗമിക്കുന്നത്. ഘോഷയാത്ര ഉൾെപ്പടെയുള്ള ആർഭാടങ്ങളും മത്സര ദിനങ്ങളും കുറച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ആദ്യദിനം രചന മത്സരങ്ങളും ഘോഷയാത്രയുമാണ് നടക്കുക. ഇത്തവണ സ്റ്റേജ് മത്സരങ്ങൾ ആദ്യദിനം മുതലുണ്ട്. കൃത്യസമയത്ത് തന്നെ മത്സരങ്ങൾ തുടങ്ങി. തുടക്കത്തിൽ കാഴ്ചക്കാർ കുറവായിരുന്നെങ്കിലും ഉച്ചയോടെ സദസ്സുകൾ നിറഞ്ഞു. പ്രധാനവേദിയായ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം ഭരതനാട്യത്തോടെയാണ് കലാവിരുന്നിന് തുടക്കമായത്. ജനപ്രിയ ഇനങ്ങളായ തിരുവാതിരയും മോഹിനിയാട്ടവും ആദ്യദിനത്തിൽ വേദിയിലെത്തി. 12 ഉപജില്ലകളിൽ നിന്ന് ആറായിരത്തോളം പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവം 16 വേദികളിലായാണ് പുരോഗമിക്കുന്നത്. വേദികൾ തമ്മിൽ അകലക്കൂടുതൽ ഉണ്ടെങ്കിലും സംഘാടകർ വാഹനസൗകര്യം ഏർപ്പെടുത്തിയത് ആശ്വാസമായി. ഹൈസ്കൂൾ വിഭാഗം നാടകമാണ് ആദ്യദിനം കാണികളുടെ കൈയടി നേടിയ മറ്റൊരിനം. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്. ആക്ഷേപഹാസ്യത്തി​െൻറ മേമ്പൊടിയോടെ ചാക്യാർകൂത്ത് സദസ്സിൽ ചിരി പടർത്തി. പ്രത്യേകം തയാറാക്കിയ വേദികളിൽ അറബി കലോത്സവവും സംസ്കൃതോത്സവവും പുരോഗമിച്ചു. വലിയ പരാതികൾ ഇല്ലാതെയാണ് ആദ്യദിനം പിന്നിടുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കിയതോടെ കുപ്പിവെള്ളം ഉൾപ്പടെയുള്ളവ വേദികളിൽനിന്ന് പുറത്തായി. വിധികർത്താക്കൾക്കിടയിലേക്ക് പോലും കുപ്പിവെള്ളം വിലക്കേർപ്പെടുത്തി. ശാസ്ത്രീയ സംഗീതം, ലളിതഗാനം, കഥകളി, നാഗസ്വരം, മദ്ദളം, മൃദംഗം തുടങ്ങിയ ഇനങ്ങളും ആദ്യദിനത്തിൽ വേദികളിലെത്തി. ചാലക്കുടി നഗരത്തെ ചുറ്റിയാണ് 16 വേദികളുള്ളത്. സേക്രഡ് ഹാർട്ട് എൽ.പി സ്കൂൾ, കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, വ്യാപാരഭവൻ ഹാൾ, മർച്ചൻറ്സ് അസോസിയേഷൻ ജൂബിലി ഹാൾ, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ.ഗേൾസ് ഹൈസ്കൂൾ, ഇൗസ്റ്റ് എൽ.പി സ്കൂൾ, എസ്.എൻ ഹാൾ, വിജയരാഘവപുരം പി.കെ. ചാത്തൻ മാസ്റ്റർ ഹാൾ, ഫാസ് ഓഡിറ്റോറിയം, വിജയരാഘവപുരം ഗവ.ഹൈസ്കൂൾ, മുനിസിപ്പൽ ജൂബിലി ഹാൾ, പോട്ട കെ.ഇ.സി യു.പി.എസ് എന്നിവയാണ് വേദികൾ. കലോത്സവം 30ന് സമാപിക്കും. ഉദ്ഘാടനം ഇന്ന് ചാലക്കുടി: 30ാമത് ജില്ല കലോത്സവത്തി​െൻറ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. സേക്രഡ് ഹാർട്ട് കോൺവൻറ് ഗേൾസ് എച്ച്.എസ്.എസിൽ 9.30 ന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.