ഗുരുവായൂർ കൗൺസിൽ യോഗത്തിൽ 'ഒാണത്തല്ല്​'

ഗുരുവായൂര്‍: നഗരസഭ കൗണ്‍സിൽ യോഗത്തിൽ 'ഓണത്തല്ല്'. കഴിഞ്ഞ കുറെ കൗണ്‍സിൽ യോഗങ്ങളിലായി അജണ്ട വായനയുടെ ആരംഭത്തില്‍ നടുത്തളത്തിലിറങ്ങി നടത്താറുള്ള ബഹളം ഇത്തവണ ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. വനിത കൗണ്‍സിലര്‍മാരും ഉന്തിലും തള്ളിലും സജീവ പങ്കാളികളായി. യു.ഡി.എഫ് നല്‍കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാതെ അജണ്ടകളിലേക്ക് കടന്നതാണ് പ്രകോപനകാരണം. മദ്യശാല സമരവുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിക്കെതിരെ പ്രതിപക്ഷം നല്‍കിയ പരാതി ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി വിസമ്മതിച്ചു. ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് അധ്യക്ഷയുടെ വേദിക്കരികെ എത്തി. ഇതു കണ്ട എല്‍.ഡി.എഫിലെ വനിത അംഗങ്ങള്‍ അധ്യക്ഷക്ക് സംരക്ഷണ വലയം തീര്‍ത്തു. ബഹളങ്ങള്‍ക്കിെട അധ്യക്ഷ ശാന്തകുമാരി അജണ്ട വായന തുടര്‍ന്നു. ഇതിനിടെ ഇരുവിഭാഗത്തിലെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കോണ്‍ഗ്രസിലെ സുഷ ബാബു മൈക്കി​െൻറ സ്വിച്ച് ഓഫ് ചെയ്തു. സി.പി.എമ്മിലെ സവിത സുനി ഉടൻ സ്വിച്ച് ഓണ്‍ ചെയ്തു. അവിടെയെത്തിയ കോണ്‍ഗ്രസിലെ ബഷീര്‍ പൂക്കോടും സി.പി.എമ്മിലെ ടി.എസ്. ഷെനിലും തമ്മില്‍ വാക്കേറ്റം നടന്നു. അധ്യക്ഷയില്‍ നിന്ന് അജണ്ട പിടിച്ചുവാങ്ങി കീറി. ഉടൻ സി.പി.എമ്മിലെ പ്രസീദ മുരളീധരൻ ത​െൻറ ൈകയിലുണ്ടായിരുന്ന അജണ്ടയുടെ കോപ്പി അധ്യക്ഷക്ക് നൽകി. അജണ്ട വായന പൂർത്തിയാക്കി എല്ലാം പാസാക്കിയതായി പ്രഖ്യാപിച്ച് അധ്യക്ഷ കൗണ്‍സില്‍ പിരിച്ചുവിട്ടു. പത്ത് മിനിറ്റോളം കൗണ്‍സിലര്‍മാര്‍ ഹാളില്‍ നിലമറന്നാണ് പെരുമാറിയത്. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് കൂട്ടത്തല്ല് ഒഴിവാക്കിയത്. കൗണ്‍സില്‍ കഴിഞ്ഞയുടന്‍ അതുവരെ ബഹളം വെച്ച് ഏറ്റുമുട്ടിയവർ ചായ കുടിച്ച് ശാന്തരായി മടങ്ങി. ബുധനാഴ്ച കൗണ്‍സിലര്‍മാരുടെ പൂക്കള മത്സരവും ഓണസദ്യയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.