ജില്ലയിൽ അംഗൻവാടികളുടെ ഗ്രേഡിങ് പാളി

തൃശൂർ: സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി സംസ്ഥാനത്തെ അംഗൻവാടികളിൽ ഗ്രേഡിങ് ഏർപ്പെടുത്തുന്ന പദ്ധതി ജില്ലയിൽ പാളി. നിശ്ചിത സമയത്തിനുള്ളിൽ വിശദാംശങ്ങൾ നൽകാത്ത ഒമ്പത് ജില്ലകളിലൊന്ന് തൃശൂരാണ്. അടിസ്ഥാന സൗകര്യം, ഗുണഭോക്താക്കളുടെ എണ്ണം, ജീവനക്കാരുടെ കഴിവ്, സേവന സന്നദ്ധത, ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രേഡിങ് നടപ്പാക്കാനായിരുന്നു പദ്ധതി. എ, ബി, സി, ഡി എന്നിങ്ങനെ നാലു ഗ്രേഡുകൾ നൽകുന്നതിനായി ഓരോ ജില്ലകളിലെയും അംഗൻവാടികളുടെ സ്ഥിതി വിലയിരുത്താൻ സാമൂഹികനീതി വകുപ്പ് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ അംഗൻവാടികളുടെ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അംഗൻവാടികളെ തരം തിരിക്കുന്നതാണ് പദ്ധതി. ഏപ്രിൽ, േമയ് മാസങ്ങളിൽ പരിശോധന നടത്തി ജൂൺ 10നകം റിപ്പോർട്ട് നൽകണമെന്ന് എല്ലാ പ്രോഗ്രാം ഓഫിസർമാരോടും നിർദേശിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകൾ മാത്രമാണ് അംഗൻവാടികളുടെ സ്ഥിതി നിലവാരം തിരിച്ചു നൽകിയത്. റിപ്പോർട്ട് നൽകാത്ത പ്രോഗ്രാം ഓഫിസർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ വിഷയത്തിൽ നിരവധി ഫോൺ സന്ദേശം ഓഫിസർമാർക്ക് നൽകിയിരുന്നു. നിർദേശങ്ങൾ ലാഘവത്തോടെ കണ്ടത് പ്രോഗ്രാം ഓഫിസർമാരുടെ ഗുരുതര വീഴ്ചയായി കാണുന്നുവെന്ന് ഓഫിസർമാർക്ക് അയച്ച മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം രേഖാമൂലം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. കാരണം ബോധിപ്പിക്കാൻ ഇല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രോജക്ട് ഓഫിസറുടെ മെമ്മോയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.