ശ്രീലങ്കൻ വനിതയുടെ മൃതദേഹത്തോട് അനാദരവ്; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

പത്തനംതിട്ട: സൗദിയിൽനിന്ന് ആളുമാറി കോന്നിയിൽ എത്തിച്ച ശ്രീലങ്കൻ വനിതയുടെ മൃതദേഹത്തോട് കോട്ടയം മെഡിക്കൽ ക ോളജിൽ അനാദരവ് കാട്ടിയെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിക്കാനെത്തിച്ച മൃതദേഹം നടപടിക്രമങ്ങൾ വൈകിയതിനാൽ ആംബുലൻസിൽ ഒന്നരമണിക്കൂർ വെയിലത്ത് കിടന്നു. ശീതീകരണ സംവിധാനം ഇല്ലാത്ത ആംബുലൻസിൽനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോഴേക്കും ദുർഗന്ധം വമിച്ചുതുടങ്ങിയിരുന്നു. യഥാർഥ മൃതദേഹം കിട്ടാത്ത ദുഃഖത്തിൽ അജ്ഞാത മൃതദേഹം എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞ ബന്ധുക്കളോടും മൃതദേഹത്തോടും അനാദരവും മനുഷ്യാവകാശ ലംഘനവുമാണ് നടന്നതെന്ന് റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കുന്നതായി കമീഷൻ നിരീക്ഷിച്ചു. മൃതദേഹം സൂക്ഷിക്കുന്നതിന് പത്തനംതിട്ട ജില്ലയിൽ ലഭ്യമായ സൗകര്യം ഉപയോഗിക്കാതിരിക്കുന്നത് ദുരൂഹമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും വാർത്തകളിലുണ്ടെന്ന് കമീഷൻ നിരീക്ഷിച്ചു. വർഗം, നിറം, ലിംഗം, ഭാഷ, രാഷ്ട്രം, ദേശം, ജനനം തുടങ്ങിയ വ്യത്യാസങ്ങൾക്ക് അതീതമായി മനുഷ്യർക്ക് നൽകേണ്ട അവകാശങ്ങൾക്കും പരിഗണനകൾക്കും അനുസൃതമായ നടപടിയുണ്ടായില്ലെന്ന പശ്ചാത്തലമാണ് സംഭവത്തിലുള്ളതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട്, പത്തനംതിട്ട കലക്ടർ എന്നിവർ രണ്ടാഴ്ചക്കകം കമീഷന് വിശദ റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിൽ 30ന് പത്തനംതിട്ട സിറ്റിങ്ങിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.