ആവേശവും ആഘോഷവുമായി ബെയ്​ലി പാലം ഉദ്ഘാടനം

അടൂർ: എം.സി റോഡിൽ ഏനാത്ത് ബെയ്ലി പാലം ഉദ്ഘാടനം തദ്ദേശവാസികൾക്ക് ആവേശവും ആഘോഷവുമായി. നിർദിഷ്ട സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും എം.പിമാരായ കൊടിക്കുന്നിൽ സുരേഷും ആേൻറാ ആൻറണിയും എം.എൽ.എമാരായ അയിഷ പോറ്റിയും ചിറ്റയം ഗോപകുമാറും മറ്റ് ജനപ്രതിനിധികളും ഉദ്ഘാടനസ്ഥലമായ കുളക്കട പാലം കവലയിൽ എത്തി. നൂറുകണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പാലം നാടമുറിച്ചു തുറന്നതോടെ ഹർഷാരവം ഉയർന്നു. തുടർന്ന് പൊതുസമ്മേളനത്തിൽ ബെയ്ലി പാലം തുറന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പാലത്തിലൂടെ ഇരുകരകളിൽനിന്ന് ജനങ്ങൾക്ക് കാൽനടയായി സഞ്ചരിക്കാൻ പൊലീസ് ക്രമീകരണം ഏർപ്പെടുത്തി. ഇരുവശത്തേക്കും വാഹനങ്ങൾ സഞ്ചരിക്കേണ്ട ഭാഗത്തുകൂടിയാണ് നടക്കാൻ സൗകര്യം ഒരുക്കിയത്. 10 പേരെ വീതമാണ് ഇരുവശത്തേക്കും ഒരേസമയം കടത്തിവിട്ടത്. നടപ്പാതയിലൂടെ കാൽനട അനുവദിച്ചില്ല. പാലത്തിലൂടെ കടക്കാൻ കൊല്ലം, പത്തനംതിട്ട ജില്ല വാസികളായ നാട്ടുകാർ ഉൗഴം കാത്തുനിൽക്കുകയായിരുന്നു. ഏനാത്ത് ബലക്ഷയം സംഭവിച്ച പാലത്തിലൂടെ നടന്ന് ഉദ്ഘാടന സ്ഥലത്തെത്തിയ പത്തനംതിട്ട ജില്ലക്കാർ തിരിച്ച് ബെയ്ലി പാലം വഴിയാണ് കാൽനടയായി തിരിച്ചുപോയത്. ഇതേസമയം ബെയ്ലി പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതു കാണാൻ അക്ഷമയോടെ പുതിയ പാലത്തിലും സമീപങ്ങളിലും കാത്തുനിന്നവർ നിരാശരായി. ഉദ്ഘാടനം നടന്നെങ്കിലും തിങ്കളാഴ്ച വാഹനങ്ങൾ കടത്തിവിടാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിരുന്നില്ല. മാത്രമല്ല ഒരേസമയം ഒരു ദിശയിൽനിന്നുള്ള ഒരു വാഹനം മാത്രമേ പാലത്തിൽ പ്രവേശിക്കാൻ പാടുള്ളൂവെന്ന പുതിയ തീരുമാനം എങ്ങനെ നടപ്പാക്കുമെന്ന പ്രായോഗിക സംശയവും ബാക്കിയായി. ചൊവ്വാഴ്ച പകൽ വാഹനങ്ങൾ കടത്തിവിട്ട് ട്രയൽ നടത്തുമെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.