കടക്കാട് മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതി

പന്തളം: മുന്നൂറോളം തൊഴിലാളികളുടെ ആശങ്കക്ക് വിരാമമായി കടക്കാട് മത്സ്യമൊത്തവിതരണ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അന്തിമ അനുമതി ലഭിച്ചു. നിയമക്കുരുക്കില്‍പെട്ട കടക്കാട് മത്സ്യമൊത്തവിതരണ മാര്‍ക്കറ്റിനാണ് ഒടുവില്‍ പ്രവര്‍ത്തനനാനുമതി ലഭിച്ചത്. മനുഷ്യാവകാശ കമീഷന്‍ മുതല്‍ ഹൈകോടതിവരെ നീണ്ട നിയമപോരാട്ടകള്‍ക്കൊടുവിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ അന്തിമാനുമതി ലഭിച്ചത്. പതിറ്റാണ്ടുകളായി കടക്കാട്ട് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് 2012 മുതലാണ് നിയമക്കുരുക്കില്‍പെടുന്നത്. പരിസരവാസികളായ ചിലര്‍ മലിനീകരണ പ്രശ്നമുയര്‍ത്തി മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് തുടക്കമായത്. ഇതിനിടെ, നിരവധി തവണ മാര്‍ക്കറ്റ് പൂട്ടലും തുറക്കലും നടന്നു. ഏറ്റവും അവസാനം ഏപ്രിലില്‍ മനുഷ്യാവകാശ കമീഷനും ഹൈകോടതിയും ഒരുപോലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയോടെയെ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാവൂ എന്ന് നിര്‍ദേശിച്ചതോടെയാണ് നഗരസഭ മലിനീകരണ നിയന്ത്ര ബോര്‍ഡ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഒരുവര്‍ഷത്തെ കാലഘട്ടത്തില്‍ 15 ലക്ഷം രൂപ മാര്‍ക്കറ്റിന്‍െറ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. മാര്‍ക്കറ്റിന്‍െറ ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികളും അഞ്ചുലക്ഷം രൂപ ഗുണഭോക്തൃ വിഹിതമായി സമാഹരിച്ചുനല്‍കി. മലിനീകരണ നിയന്ത്ര ബോര്‍ഡ് നിര്‍ദേശം ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് തുടക്കത്തിലെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ, ഗുണഭോക്തൃ കമ്മിറ്റി യോഗം ചേര്‍ന്ന് കണ്‍വീനറെ തല്‍സ്ഥാനത്തുനിന്ന് നീക്കി പുതിയ കണ്‍വീനറെ തെരഞ്ഞെടുത്തു. ഇതിന് പുതിയ നഗരസഭാ ഭരണസമിതി അനുമതി നല്‍കി. തുടര്‍ന്നാണ് നഗരസഭ അഞ്ചുലക്ഷം രൂപകൂടി അടിയന്തരമായി അനുവദിച്ച് മാര്‍ക്കറ്റിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നിര്‍ദേശത്തിന് വിധേയമായി നടത്താന്‍ തീരുമാനിച്ചത്. ആറുമാസം മുമ്പ് അധികാരത്തിലത്തെിയ നഗരസഭാ ഭരണനേതൃത്വത്തിന് നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്. എട്ട് പ്രധാന നിര്‍ദേശങ്ങളാണ് മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോര്‍ഡ് മുന്നോട്ടുവെച്ചത്. വാഹനങ്ങളില്‍നിന്ന് മാര്‍ക്കറ്റില്‍ വീഴുന്ന മലിനജലം ഒഴുകാന്‍ കഴിയുന്ന തരത്തില്‍ തറ ചരിച്ച് കോണ്‍ക്രീറ്റ് ചെയ്യുക, മത്സ്യം കയറ്റിയിറക്കുന്ന ഭാഗത്ത് മഴവെള്ളം വീഴാത്തതരത്തില്‍ മേല്‍ക്കൂര നിര്‍മിക്കുക, മലിനജലം സംഭരിക്കാന്‍ കഴിയുന്നതരത്തില്‍ സംഭരണി നിര്‍മിക്കുക, മാര്‍ക്കറ്റ് ദിവസവും വൃത്തിയാക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. മാര്‍ക്കറ്റില്‍ ഗുണഭോക്തൃസമിതി നിര്‍മിച്ച ബയോഗ്യാസ് പ്ളാന്‍റ് പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് പ്രവര്‍ത്തന സജ്ജമാക്കണമെന്ന നിര്‍ദേശവും ബോര്‍ഡ് മുന്നോട്ടുവെച്ചു. നഗരസഭയുടെ അപേക്ഷ പരിഗണിച്ച് മേയ് 10ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരായ പ്രവിതാമോള്‍, അര്‍ജുന്‍, പ്രവീണ്‍ തമ്പി എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധന പ്രകാരമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതി ലഭിച്ചതോടെ മാര്‍ക്കറ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഒരുങ്ങിയത്. ഏപ്രിലില്‍ മാര്‍ക്കറ്റ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ലേലംചെയ്ത് നല്‍കിയിരുന്നു. ലേലം നടന്നെങ്കിലും ഒൗദ്യോഗികമായി തുറക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ബോര്‍ഡിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ നഗരസഭാ കൗണ്‍സില്‍ ലേലം സ്ഥിരപ്പെടുത്തിയിരുന്നില്ല. ലേലം കഴിഞ്ഞയുടന്‍ ദിവസങ്ങള്‍ക്കുള്ളില്‍ നഗരസഭാ സെക്രട്ടറി മാര്‍ക്കറ്റ് പൂട്ടിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നഗരസഭയിലെ ഭരണനേതൃത്വത്തിന്‍െറ സാന്നിധ്യത്തില്‍ മാര്‍ക്കറ്റ് തുറന്നിരിന്നു. ഏറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും സാക്ഷിയായ കടക്കാട് മൊത്തവിതരണ മത്സ്യമാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം തുടങ്ങാനുള്ള തടസ്സങ്ങള്‍ ബോര്‍ഡിന്‍െറ അനുമതി ലഭിച്ചതോടെ നീങ്ങി. അനുമതിപത്രം നഗരസഭാ അധികൃതര്‍ ശനിയാഴ്ച ബോര്‍ഡില്‍നിന്ന് കൈപ്പറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.