എന്‍.ആര്‍.എച്ച്.എമ്മിലെ 11 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

പത്തനംതിട്ട: ജില്ലാ പ്രോഗ്രാം മാനേജറും ജില്ലാപഞ്ചായത്തും തമ്മിലുള്ള ശീതസമരത്തിന്‍െറ ഭാഗമായി മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട 11 ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. ജില്ലാ പ്രോഗ്രാം മാനേജറുടെ കത്തിന്‍െറ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരടക്കം 11 പേരെയാണ് മേയ് 31ന് പിരിച്ചുവിടാന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഉത്തരവിട്ടത്. 2015 ഒക്ടോബര്‍ 30ന് ഇന്‍റര്‍വ്യൂ നടത്തി ജോലിക്കെടുത്ത ഡോക്ടര്‍മാര്‍, അഞ്ച് പി.ആര്‍.ഒമാര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്, ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍, സ്പെഷല്‍ എജുക്കേറ്റര്‍, കൗമാര ആരോഗ്യ കൗണ്‍സിലര്‍, ജെന്‍ഡര്‍ കൗണ്‍സിലര്‍, അക്കൗണ്ടന്‍റ് എന്നിവരെയാണ് പിരിച്ചുവിടുന്നത്. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പങ്കെടുത്തു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജില്ലാ പ്രോഗ്രാം മാനേജര്‍ സംസ്ഥാന മിഷനെക്കൊണ്ട് നടപടി സ്വീകരിച്ചിരിക്കുന്നത്. മുന്‍ നിയമനങ്ങളില്‍ അഴിമതി ആരോപണങ്ങള്‍ ഉണ്ടായതിനെതുടര്‍ന്നാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായ ഗവേണിഗ് ബോര്‍ഡ് തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഇരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡെപ്യൂട്ടി ഡി.എം.ഒ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഇന്‍റര്‍വ്യൂ ബോര്‍ഡിനെ സംബന്ധിച്ച് ഒരു വിവാദവും അന്ന് ഉണ്ടായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിനിധികള്‍ ഇന്‍റര്‍വ്യൂ ബോര്‍ഡ് സംബന്ധിച്ച് വിയോജനം അറിയിച്ചിരുന്നുമില്ല. ഇന്‍ര്‍വ്യൂവില്‍ പങ്കെടുത്തവര്‍ക്ക് റാങ്ക് അടിസ്ഥാനത്തില്‍ നിയമനവും നല്‍കി. അന്ന് ചുമതലയില്‍ ഉണ്ടായിരുന്ന ജില്ലാ പ്രോഗ്രാം മാനേജറൊ, ജില്ലാ മെഡിക്കല്‍ ഓഫിസറൊ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നതുമില്ല. നിയമനം നടന്ന് ഒരുവര്‍ഷം തികയാറാകുമ്പോഴാണ് ഇന്‍റര്‍വ്യൂ ബോര്‍ഡ് സംബന്ധിച്ച വിവാദങ്ങള്‍ക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍ തുടക്കമിട്ടത്. ജീവനക്കാരെ പിരിച്ചുവിടരുതെന്നുകാട്ടി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് മിഷന്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ജില്ലാ കലക്ടര്‍ മിഷന്‍ ഡയറക്ടറെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാതെയും നിയമാവലിക്ക് വിരുദ്ധമായും എന്‍.ആര്‍.എച്ച്.എം പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകുന്നതില്‍ സഹകരിക്കില്ളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, നോമിനേറ്റഡ് അംഗങ്ങള്‍ എന്നിവര്‍ കഴിഞ്ഞ യോഗത്തില്‍ പറയുകയും യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളെ വെല്ലുവിളിച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍ നീങ്ങുന്നതെന്ന് ആരോപണമുണ്ട്. കുറേക്കാലമായി ജില്ലയിലെ എന്‍.ആര്‍.എച്ച്.എം പ്രവര്‍ത്തനങ്ങള്‍ വിവാദത്തിലാണ്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കുകയും ഓഫിസ് സെക്രട്ടറിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്നുള്ള പ്രത്യേക പരിശോധനാ സംഘം ലക്ഷക്കണക്കിന് രൂപയുടെ തിരിമറികള്‍ കണ്ടത്തെി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇന്‍റര്‍വ്യൂ നടത്തി ഒരുവര്‍ഷം കഴിഞ്ഞ് ഇന്‍റര്‍വ്യൂ ബോര്‍ഡിലെ അപാകത ചൂണ്ടിക്കാട്ടി പിരിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജീവനക്കാരുടെ സംഘടനയായ എംപ്ളോയീസ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഫോറം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.