പത്തനംതിട്ട: സിവില്‍ സര്‍വിസ് പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് സംസ്ഥാനത്തെ ആറ് അസിസ്റ്റന്‍റ് കലക്ടര്‍മാരെ അണിനിരത്തി പ്രമാടത്തെ കോന്നി സിവില്‍ സര്‍വിസ് അക്കാദമിയില്‍ നടത്തിയ ക്ളാസ് ശ്രദ്ധേയമായി. സിവില്‍ സര്‍വിസില്‍ ഉന്നത വിജയം കൈവരിച്ച കോഴിക്കോട് അസിസ്റ്റന്‍റ് കലക്ടര്‍ ഇമ്പശേഖര്‍, എറണാകുളം അസിസ്റ്റന്‍റ് കലക്ടര്‍ രേണു രാജ്, കോട്ടയം അസിസ്റ്റന്‍റ് കലക്ടര്‍ കൃഷ്ണ തേജ, കൊല്ലം അസിസ്റ്റന്‍റ് കലക്ടര്‍ ആശ അജിത്, പാലക്കാട് അസിസ്റ്റന്‍റ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കണ്ണൂര്‍ അസിസ്റ്റന്‍റ് കലക്ടര്‍ ജറോം ജോര്‍ജ് എന്നിവരാണ് തങ്ങളുടെ വിജയമന്ത്രം വിദ്യാര്‍ഥികളുമായി പങ്കുവെച്ചത്. ഇവരുടെ അനുഭവവിവരണം മുന്നൂറോളം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രചോദനമേകുന്നതായി. ലക്ഷ്യത്തില്‍ ഉറച്ചുനിന്നാല്‍ വിജയം സുനിശ്ചിതമാണെന്ന് ഇമ്പശേഖര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നീലഗിരിയിലെ തോട്ടം തൊഴിലാളികളുടെ മകനായ ഇമ്പശേഖറിന്‍െറ പഠനം സര്‍ക്കാര്‍ സ്കൂളിലായിരുന്നു. നാലു തവണ പരാജയപ്പെട്ട ശേഷമാണ് 2015ല്‍ സിവില്‍ സര്‍വിസ് നേടിയത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ നന്നായി പഠിക്കണമെന്ന് രേണു രാജ് പറഞ്ഞു. പത്രങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കണം. കോളജ് പഠനകാലം ലക്ഷ്യകേന്ദ്രീകൃതമായിരിക്കണമെന്നും അവര്‍ പറഞ്ഞു. ഒരുവര്‍ഷം നീളുന്ന സിവില്‍ സര്‍വിസ് പരീക്ഷയിലൂടെ ഉത്തരവാദിത്തമുള്ള ജോലി ചെയ്യുന്നതിനുള്ള മികവ് കൈവരിക്കുമെന്ന് അസിസ്റ്റന്‍റ് കലക്ടര്‍ കൃഷ്ണ തേജ പറഞ്ഞു. കഠിനാധ്വാനത്തിനൊപ്പം ഊര്‍ജസ്വലമായി കാര്യങ്ങള്‍ ചെയ്യണമെന്ന് ആശ അജിത്തും ദൃഢനിശ്ചയത്തോടെ ലക്ഷ്യത്തിലേക്ക് മുന്നേറണമെന്ന് എന്‍.എസ്.കെ ഉമേഷും പറഞ്ഞു. അമിത ആത്മവിശ്വാസം പാടില്ളെന്നും സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നും ജറോം ജോര്‍ജ് പറഞ്ഞു. അടൂര്‍ പ്രകാശ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.