സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

തിരുവല്ല: ഫണ്ട് വര്‍ധിപ്പിക്കാത്തതിനാല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം താറുമാറാകുന്നു. 2011-12 കാലയളവില്‍ അനുവദിച്ചിരുന്ന തുകയാണ് ഇപ്പോഴും സര്‍ക്കാര്‍ നല്‍കുന്നത്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് വിവിധ തലങ്ങളിലെ നിരീക്ഷണ സമിതികള്‍ ഉണ്ടെങ്കിലും ഇവരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. സംസ്ഥാനത്ത് എല്ലായിടത്തും ഉച്ചഭക്ഷണവിതരണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും പലജില്ലകളിലും നിരീക്ഷണ സമിതികള്‍ അവസരോചിതമായി ഇടപെടുന്നതിനാല്‍ കുട്ടികളുടെ അന്നം മുടങ്ങാറില്ല. സ്വകാര്യ വ്യക്തികളുടെ അടക്കം സഹായം കണ്ടത്തെി കാര്യങ്ങള്‍ മുന്നോട്ടുപോകാനുള്ള പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ നിരീക്ഷണ സമിതികള്‍ ഉറങ്ങിയ മട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളിലുണ്ടായ വിലക്കയറ്റവും ഭക്ഷണ വിതരണത്തിന് തിരിച്ചടിയായി. എല്‍.പി, യു.പി സ്കൂളുകളിലെ ഭക്ഷണ വിതരണമാണ് താളംതെറ്റുന്നത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന അരിയും പയറുമുപയോഗിച്ച് ഉച്ചക്കഞ്ഞിയാണ് പണ്ട് നല്‍കിയിരുന്നത്. എന്നാല്‍, 2011-12 മുതല്‍ ചോറും കറികളുമാണ് നല്‍കുന്നത്. ചോറിന്‍െറ കൂടെ സാമ്പാര്‍, മോര്, മറ്റ് രണ്ട് കറികള്‍ എന്നിവ മാറിമാറി നല്‍കും. ഒരു കുട്ടിക്ക് അഞ്ചുരൂപ തോതിലാണ് തുക അനുവദിച്ചിട്ടുള്ളത്. 150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ ആറുരൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം സ്കൂളുകളില്‍ പാചകക്കാരന്‍െറ വേതനമായ 350 രൂപ അധ്യാപകര്‍ കണ്ടത്തെണം. പല സ്കൂളുകളും 400-700 രൂപ വരെ ഭക്ഷണം പാകംചെയ്യുന്നതിന് ചെലവാക്കുന്നു. അരി മാവേലി സ്റ്റോറുകളില്‍നിന്ന് ലഭിക്കുമെങ്കിലും ബാക്കി ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കുന്ന പണം തികയില്ല. ആഴ്ചയില്‍ ഒരുദിവസം കുട്ടികള്‍ക്ക് മുട്ടയും രണ്ടുദിവസം പാലും നല്‍കണം. കൂടാതെ ദിവസവും പയര്‍, പച്ചക്കറികള്‍, പാചകത്തിനുള്ള വിറക് എന്നിവക്കും പണം ആവശ്യമാണ്. 50 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ പാലിനും മുട്ടക്കും മാത്രം 700 രൂപയോളം ആഴ്ചയില്‍ വേണ്ടിവരും. വിറകിനുമാത്രം 250 രൂപയെങ്കിലും ചെലവാകും. കുറഞ്ഞത് ഒരു കുട്ടിക്ക് പത്തുരൂപയെങ്കിലും അനുവദിച്ചാലേ ഉച്ചഭക്ഷണം കാര്യക്ഷമമായി വിതരണം ചെയ്യാന്‍ കഴിയൂ. നിലവില്‍ അധ്യാപകരുടെ കൈയില്‍നിന്നാണ് പലയിടത്തും തികയാത്ത പണം കണ്ടത്തെുന്നത്. പലപ്പോഴും ഫണ്ട് ലഭിക്കുന്നതിന് കാലതാമസവും ഉണ്ടാകാറുണ്ട്. അധ്യാപകര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. പി.ടി.എ പ്രസിഡന്‍റുമാരും പ്രധാന അധ്യാപകരും അടങ്ങുന്ന സ്കൂള്‍തല നിരീക്ഷണ സമിതികള്‍, ബ്ളോക് പ്രസിഡന്‍റും എ.ഇ.ഒയും ഉള്‍പ്പെടുന്ന ബ്ളോക്തല നിരീക്ഷണ സമിതികള്‍ എന്നിവക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.