ഹരിത തെരഞ്ഞെടുപ്പിന് ദീപക്കാഴ്ചയുടെ മിഴിവ്

പത്തനംതിട്ട: ജ്വലിക്കുന്ന മണ്‍ചിരാതിന്‍െറ പ്രകാശ കിരണങ്ങളില്‍ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകള്‍ (എസ്.പി.സി) അണിനിരന്ന മനോഹരമായ വൃക്ഷവും ഹരിത തെരഞ്ഞെടുപ്പ് സന്ദേശവും സായംസന്ധ്യയെ മനോഹരമാക്കി. ലോകഭൗമദിനത്തില്‍ ഹരിത തെരഞ്ഞെടുപ്പിന്‍െറ പ്രചാരണാര്‍ഥം സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകള്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം സ്കൂള്‍ മൈതാനത്ത് ഒരുക്കിയ പ്രകൃതി സൗഹൃദ ദീപക്കാഴ്ചയാണ് മനംനിറച്ചത്. ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും ജില്ലയിലെ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് യൂനിറ്റും സംയുക്തമായാണ് വിസ്മയ കാഴ്ചയൊരുക്കിയത്. ഹരിത തെരഞ്ഞെടുപ്പിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന് കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുമായ എസ്. ഹരികിഷോറിന്‍െറ നിര്‍ദേശപ്രകാരമായിരുന്നു ഹരിത ദീപക്കാഴ്ച. ‘വൃക്ഷങ്ങള്‍ ഭൂമിയുടെ രക്ഷക്കായി’ എന്ന ലോകഭൗമദിന സന്ദേശത്തിനൊപ്പം, പ്ളാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നുമുള്ള ആശയമാണ് ഹരിത തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി ഒരുക്കിയ ദീപക്കാഴ്ച മുന്നോട്ടുവെക്കുന്നത്. മണ്‍ചിരാതുകളുടെ വെളിച്ചത്തില്‍ വൃക്ഷ രൂപത്തില്‍ അണിനിരന്ന എസ്.പി.സി വിദ്യാര്‍ഥികള്‍ ഹരിത പ്രതിജ്ഞയെടുത്തു. പരിപാടി ഉദ്ഘാടനം ചെയ്ത കലക്ടര്‍ എസ്. ഹരികിഷോര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഹരിത ദീപം തെളിക്കലില്‍ പങ്കാളിയായി. സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ അതുല്‍ സ്വാമിനാഥ്, ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, എസ്.പി.സി നോഡല്‍ ഓഫിസറും നാര്‍ക്കോട്ടിക്സ് ഡി.വൈ.എസ്.പിയുമായ എ.ഡി. മോഹന്‍ദാസ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ.ആര്‍. അജയ്, എ.എസ്.ഐമാരായ ജലാലുദീന്‍, കൃഷ്ണകുമാര്‍, രഞ്ജിത്ത്, ഷാജി പി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.