തിരുവല്ലയില്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് കോംപ്ളക്സ് തുറന്നു

തിരുവല്ല: എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിന് കേരള ക്രിക്കറ്റ് അസോ. നടത്തുന്ന ശ്രമത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷനും തിരുവല്ല മുനിസിപ്പാലിറ്റിയും ചേര്‍ന്ന് നിര്‍മിച്ച ഇന്‍ഡോര്‍ ക്രിക്കറ്റ് കോംപ്ളക്സിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്പോര്‍ട്സിന് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോള്‍. ദേശീയ ഗെയിംസ് വിജയകരമായി നടത്താന്‍ കഴിഞ്ഞതാണ് ഇതിനു വഴിയൊരുക്കിയത്. കെ.സി.എ ആവിഷ്കരിച്ച വിവിധ ക്രിക്കറ്റ് പരിശീലന-വികസന പദ്ധതികള്‍ പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ഏറെ ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ക്രിക്കറ്റ് യുഗത്തിലേക്ക് എത്തുമെന്ന് ഇന്‍ഡോര്‍ നെറ്റ്സിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയ ഗെയിംസിന്‍െറ വികാരവും ആവേശവും സംതൃപ്തിയും കേരള ജനതയില്‍ ഓളംവെട്ടുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജിംനേഷ്യം ആന്‍േറാ ആന്‍റണി എം.പിയും ബോര്‍ഡ് റൂം മാത്യു ടി. തോമസ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ ഡെല്‍സി സാം അധ്യക്ഷത വഹിച്ചു. ബി.സി.സി.ഐ വൈസ് പ്രസിഡന്‍റും കെ.സി.എ അധ്യക്ഷനുമായ ടി.സി. മാത്യു, കെ.സി.എ സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, പി.ഡി.സി.എ പ്രസിഡന്‍റ് റോയി എം. മാത്യു, പി. മോഹന്‍രാജ്, പ്രതാപചന്ദ്രവര്‍മ, സനല്‍കുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം സഞ്ജു വി. സാംസണ്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് സലീം പി. ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍ ജിജി വട്ടശേരില്‍, കെ.സി.എ വൈസ് പ്രസിഡന്‍റ് സുനില്‍ കോശി ജോര്‍ജ്, പി.ഡി.സി.എ സെക്രട്ടറി ജോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു. തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം നഗരസഭ നല്‍കിയ 50 സെന്‍റ് സ്ഥലത്താണ് രണ്ടര കോടി രൂപ വിനിയോഗിച്ച് ഇന്‍ഡോര്‍ ക്രിക്കറ്റ് കോംപ്ളക്സ് നിര്‍മിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.