റിങ് റോഡിന്‍െറ നവീകരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ട് രണ്ടു വര്‍ഷം

പത്തനംതിട്ട: റിങ് റോഡിന്‍െറ നവീകരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ട് രണ്ടു വര്‍ഷമായിട്ടും പൊതുമരാമത്ത് വകുപ്പിന് നിസ്സംഗത. 9.5 കോടി ചെലവില്‍ റിങ് റോഡിന്‍െറ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് 2013ലാണ്. എന്നാല്‍, ടാറിങ് മാത്രം നടത്തി പ്രവര്‍ത്തനം കരാറുകാരന്‍ അവസാനിപ്പിക്കുകയായിരുന്നു. റിങ് റോഡിന്‍െറ വശങ്ങള്‍ സംരക്ഷണ ഭിത്തികെട്ടുക, പ്രധാന ജങ്ഷനുകള്‍ ഒമ്പതു മീറ്റര്‍ വ്യാസത്തില്‍ നവീകരണം, റോഡിന്‍െറ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യുക, ഓടകളില്‍ ആവശ്യമുള്ളയിടത്ത് നിര്‍മിക്കുക, അപകടവളവുകളില്‍ വീതി കൂട്ടുക, മേല്‍ത്തരം ടാറിങ്, ആധുനിക അപകട മുന്നറിയിപ്പ് സംവിധാനം, പ്രധാന ഇടറോഡുകളെ റിങ് റോഡിലേക്ക് ബന്ധിപ്പിക്കുക, ഏഴു മീറ്റര്‍ റോഡ് നവീകരിച്ച് ഒമ്പതു മീറ്ററാക്കുക, അഴൂര്‍ ജങ്ഷന്‍ മുതല്‍ അബാന്‍ വരെയുള്ള ഭാഗത്ത് തോടിന്‍െറ സംരക്ഷണ ഭിത്തി നിര്‍മിക്കുക എന്നിവയായിരുന്നു നവീകരണ പദ്ധതികൊണ്ട് വിഭാവനം ചെയ്തിയിരുന്നത്. എന്നാല്‍, ടാറിങ്ങും അഴൂര്‍ ജങ്ഷനിലെ കല്ലറക്കടവ് പാലം മുതല്‍ 100 മീറ്റര്‍ വരെ സംരക്ഷണ ഭിത്തി നിര്‍മിച്ചതുമല്ലാതെ മറ്റ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ഇതോടെ റിങ് റോഡിന്‍െറ പലഭാഗങ്ങളും അപകട ഭീഷണിയിലായിരിക്കുകയാണ്. റോഡിന്‍െറ നവീകരണപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി മണ്ണിട്ട് നികത്തിയ സ്ഥലങ്ങളില്‍ കാടുകയറി മൂടപ്പെട്ടനിലയിലാണ്. 5.7 കിലോമീറ്റര്‍ റോഡില്‍ അപകടമേഖലയില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാത്തതുമൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. റോഡിന്‍െറ വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താത്തതുമൂലം വെള്ളപ്പാച്ചിലില്‍ ടാറിങ് കുത്തിയൊലിച്ചു പോയനിലയിലാണ്. ആറുമാസത്തിനിടെ നവീകരണപ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍, റിങ് റോഡ് നവീകരണത്തിനായി നല്‍കിയ പണം വകമാറ്റി ചെലവഴിച്ചതുമൂലം കരാറുകാരന് പണം നല്‍കാന്‍ പത്തനംതിട്ട റോഡ് ഡിവിഷന് കഴിഞ്ഞിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.