മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടു; അപേക്ഷിച്ച് അഞ്ചു വര്‍ഷത്തിനുശേഷം വാര്‍ധക്യകാല പെന്‍ഷന്‍

പത്തനംതിട്ട: അഞ്ചു വര്‍ഷം മുമ്പ് വാര്‍ധക്യകാല പെന്‍ഷന് അപേക്ഷ നല്‍കിയ വയോധികന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് പെന്‍ഷന്‍ അനുവദിച്ചു. പത്തനംതിട്ട പുറമറ്റം മുണ്ടമല സ്വദേശി ഫിലിപ്പ് ചാക്കോ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2010 മേയ് നാലിനാണ് 65കാരനായ ഫിലിപ്പ് ചാക്കോ പുറമറ്റം ഗ്രാമപഞ്ചായത്തില്‍ വാര്‍ധക്യകാല പെന്‍ഷനുവേണ്ടി അപേക്ഷ നല്‍കിയത്. അപേക്ഷയെകുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഫിലിപ്പ് ചാക്കോ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയായിരുന്നു. കമീഷന്‍ പുറമറ്റം പഞ്ചായത്തില്‍നിന്ന് വിശദീകരണം തേടി. അപേക്ഷ 2013ല്‍ ലഭിച്ചെങ്കിലും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്ളെന്ന കാരണത്താല്‍ 2014ല്‍ ആര്‍.ഡി.ഒ അപേക്ഷ നിരസിച്ചതായി പുറമറ്റം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. 2014 നവംബര്‍ അഞ്ചിന് അപേക്ഷകന്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഇതിനുശേഷം ആര്‍.ഡി.ഒയെ സമീപിച്ചെങ്കിലും പെന്‍ഷന്‍ അനുവദിക്കാനുള്ള ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിന് കൈമാറിയതായി ആര്‍.ഡി.ഒ അറിയിച്ചു. മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഫിലിപ്പ് ചാക്കോക്ക് വാര്‍ധക്യകാല പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. 600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.