കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം ഈ ആഴ്ച

കോന്നി: നിര്‍ദിഷ്ട കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ച ആരംഭിക്കും. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിച്ചാലുടന്‍ തന്നെ പൈലിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പൈലിങ് നടത്താനായിട്ടുള്ള യന്ത്ര സാമഗ്രികള്‍ ഇവിടെ എത്തിച്ചുകഴിഞ്ഞു. അടിത്തറയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ബാക്കി ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കും. കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വകാര്യ വ്യക്തികളില്‍നിന്ന് വിലകൊടുത്തുവാങ്ങിയ 48 സെന്‍റ് സ്ഥലവും പഞ്ചായത്തിന്‍െറ കൈവശമുണ്ടായിരുന്ന രണ്ടേക്കര്‍ സ്ഥലവും കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കായി ഇതിനോടകം കൈമാറിയിട്ടുണ്ട്. ഈ സ്ഥലത്താണ് ഡിപ്പോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ലേലം ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസം നേരിട്ടതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വൈകി. കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശിലാസ്ഥാപനവും താല്‍ക്കാലിക ഓപ്പറേറ്റിങ് സെന്‍ററിന്‍െറ ഉദ്ഘാടനവും 2013 ഫെബ്രുവരി 20ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്. മന്ത്രി അടൂര്‍ പ്രകാശിന്‍െറ ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ ചെലവഴിച്ചാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഒപാറേറ്റിങ് സെന്‍ററില്‍നിന്ന് രണ്ട് ജനുറം ബസും മറ്റ് 10 ബസുകളും സര്‍വിസ് നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.